ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്ത, എല്ലാവരുടേയും പ്രിയപ്പെട്ടവനായി ഫഹദ് ഫാസിൽ അയാളുടെ നിറഞ്ഞാട്ടം തുടർന്ന് കൊണ്ടിരിക്കുന്നു

ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്ത, എല്ലാവരുടേയും പ്രിയപ്പെട്ടവനായി ഫഹദ് ഫാസിൽ അയാളുടെ നിറഞ്ഞാട്ടം തുടർന്ന് കൊണ്ടിരിക്കുന്നു:ഫഹദിന്റെ പിറന്നാൾ ദിനത്തിൽ അഞ്ജലി മാധവി ഗോപിനാഥ്.

ഇന്ന് മുപ്പത്തിഒന്പതാം പിറന്നാൾ ആഘോഷിക്കുന്ന ഫഹദ്‌ ഫാസിലിനെക്കുറിച്ച് അഞ്ജലി മാധവി ഗോപിനാഥ് ഫെയ്‌സ് ബുക്കിൽ കുറിച്ച വരികളിലെ നിരീക്ഷണങ്ങൾ ശ്രദ്ധേയം.ചതിയനായ സിറിലും നിഷ്കളങ്കനായ സോളോമനും പ്രണയാതുരനായ റസൂലും മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങി. നമ്മളിൽ പലരിലും ഡോക്ടർ അരുണിനെ കണ്ടു. സംവിധായകർ അവർക്കിഷ്ടമുള്ള എന്തുമാകാൻ കഴിയുന്ന ഒരാളാണ് ഫഹദ് ഫാസിൽ എന്ന് തിരിച്ചറിഞ്ഞു….. ഫഹദിന്റെ കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ് അഞ്ജലിയുടെ ജന്മദിനാശംസ.

നമ്മളായിട്ട് പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള ബന്ധമില്ലാത്തവരെപ്പോലും അനാവശ്യമായി ജഡ്ജ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. അതിൽ ഏറിയ പങ്കും ഊഹാപോഹങ്ങളും നമ്മുടേതായ കണ്ടെത്തലുകളുമാണ്.

ഇനിയിപ്പോൾ അതൊരു സിനിമ നടനോ നടിയോ ആണെങ്കിലോ! സ്ക്രീനിലെ പരിചയം വെച്ച് അവരുടെ മുഴുവൻ കാര്യങ്ങളും അറിയാമെന്നു വിചാരിക്കുന്നവരാണ് പലരും.
മറ്റുള്ളളവർ കാണാൻ ആഗ്രഹിക്കുന്നത് മാത്രം പുറത്ത് കാണിക്കുമ്പോഴും ജീവിതത്തിൽ മറ്റുള്ളവരെപ്പോലെ, അവരുടേതായ അതിജീവനങ്ങൾ നടത്തുന്നവരാണ് ഈ പറയുന്ന നടിമാരും നടന്മാരും എല്ലാം. അതൊന്നും കണക്കിലെടുക്കാൻ ആരാധകരെന്നു പറയുന്ന നമ്മൾ മെനക്കേടാറില്ലെന്നതാണ് സത്യം.
അവർ നമുക്ക് വേണ്ടി നമുക്ക് മുന്നിൽ തുള്ളിച്ചാടി നമ്മളേ സന്തോഷിപ്പിക്കണമെന്നത് പലപ്പോഴും നമ്മൾ പറയാതെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ്. നമ്മുടെ പ്രതീക്ഷക്കൊപ്പം എത്താൻ കഴിയാത്തവരെ നമ്മൾ തളർത്തും. പലപ്പോഴും ഈ തളർത്തലുകൾ ഒരു കലാകാരിയേ / കലാകാരനേ മാനസികമായി പോലും ബാധിക്കാറുണ്ട്.

അത്തരത്തിൽ തുടക്ക കാലത്തു തന്നെ അമിത പ്രതീക്ഷയുടെ ഭാരം ചുമന്ന ഒരു നടനായിരിക്കാം ഫഹദ് ഫാസിൽ. മികച്ച ഒരു സംവിധായകനായ ഫാസിലിന്റെ മകൻ അതിലും മികച്ചൊരു നടനായേ പറ്റൂ എന്നത് കണ്ട് കൊണ്ടിരിക്കുന്ന ജനങ്ങളുടെ തീരുമാനമായിരുന്നു. അഭിനയം അയാളുടെ മേഖലയായിരുന്നോ എന്ന് പോലും നമുക്ക് നിശ്ചയമില്ല. 2002’ൽ പുറത്തിറങ്ങിയ “കയ്യെത്തും ദൂരത്ത്” ആയിരുന്നു ഷാനുവിന്റെ ആദ്യ സിനിമ.ആദ്യ സിനിമയിൽ അയാളെ പരിഹസിച്ചും അപമാനിച്ചും മലയാളി പ്രേക്ഷകർ “ഷാനു “ഒരു നല്ല നടനല്ല. എന്ന് വിധിയെഴുതി വിട്ടു.

പ്രശസ്തനായ അച്ഛൻ മകനുവേണ്ടി ഇറക്കി പരാജയപ്പെട്ടു പോയ സിനിമയായി “കയ്യെത്തും ദൂരത്ത് ” അറിയപ്പെട്ടു. പിന്നെയങ്ങോടു ആരും ഷാനു എന്ന കലാകാരനെ കണ്ടില്ല. സിനിമയിൽ നിന്നും കയ്യെത്താത്ത ദൂരത്തിലേക്ക് അയാൾ പോയി. അപ്പോഴും മലയാളികൾ ” പരാജയപ്പെട്ടു പോയ നടൻമാർ ” എന്ന പട്ടികയിൽ ആ യുവനടനെ പലപ്പോഴും ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു, വലിച്ചിഴച്ചു കൊണ്ടേയിരുന്നു.
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത സിനിമ, “ഫഹദ് ഫാസിൽ “ന്റെ ആദ്യത്തെ സിനിമ. രഞ്ജിത്ത് നിർമ്മിച്ചു, പത്തു സംവിധായകരുടെ പത്തു സിനിമകൾ ഒത്തൊരുമിപ്പിച്ച മലയാള ആന്തോളജി സിനിമ “കേരള കഫേ “. കേരള കഫേയിൽ ഉദയ് ആനന്ദ് സംവിധാനം ചെയ്ത “മൃത്യുഞ്ജയം” എന്ന ഷോർട്ട് ഫിലിമിൽ ഫഹദായിരുന്നു നായകൻ. കയ്യെത്തും ദൂരത്ത് കണ്ട ഷാനുവിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു മൃത്യുഞ്ജയത്തിലെ ഫഹദ് ഫാസിൽ.

പിന്നെയുള്ള സിനിമകളിലെല്ലാം അയാൾ വ്യത്യസ്തനായിക്കൊണ്ടേയിരുന്നു. തുടർന്ന് വന്ന ടൂർണമെന്റ്, ചാപ്പാ കുരിശ് എല്ലാത്തിലും അയാൾ വ്യത്യസ്തനായിരുന്നു. ചാപ്പാ കുരിശിലെ അഭിനയം കണ്ട പലരും ഇയാൾ നമ്മളുദ്ദേശിക്കുന്ന ആളല്ലാ എന്ന് തിരുത്തി ചിന്തിക്കാൻ തുടങ്ങിയിരുന്നു. മലയാള സിനിമയിൽ തനിക്കായി ഒരിടമുണ്ടെന്ന് ഫഹദ് ഫാസിലെന്ന നടൻ മലയാള പ്രേക്ഷകരെ അറിയിച്ച വർഷമായിരുന്നു 2012 എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന്റെ അഭിനയ ചാരുത മലയാളികൾ കണ്ടറിഞ്ഞ വർഷം. സിറിലും റസൂലും സോളമനും പിറന്ന വർഷം. പരസ്പര ബന്ധമില്ലാത്ത, താരതമ്യം ചെയ്യാനാവാത്ത കഥാപാത്രങ്ങൾ ഫഹദ് ഫാസിൽ എന്ന നടനിൽ നിന്നും ഇറങ്ങി വന്ന വർഷം.

ചതിയനായ സിറിലും നിഷ്കളങ്കനായ സോളോമനും പ്രണയാതുരനായ റസൂലും മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങി. നമ്മളിൽ പലരിലും ഡോക്ടർ അരുണിനെ കണ്ടു. സംവിധായകർ അവർക്കുഷ്ടമുള്ള എന്തുമാകാൻ കഴിയുന്ന ഒരാളാണ് ഫഹദ് ഫാസിൽ എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ വർഷം.മലയാളത്തിലെ അതിപ്രശസ്തരായ പല സംവിധായകരും ഫഹദ് ഫാസിലിനെ തിരഞ്ഞെടുക്കാൻ തുടങ്ങി.
2016’ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലൂടെ മൈക്കിൾ ആയി അയാളെത്തി അന്ധനായ ചിത്രകാരനെ അയാൾ അനശ്വരമാക്കി. നോർത്ത് 24 കാതം ഇതു വരെ കണ്ടിട്ടില്ലാത്ത ഹരികൃഷ്ണനെ കാണിച്ചു തന്നു. അയാൾ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അതുവരെയുള്ള അയാളെ മാറ്റി മറിച്ച്‌ കൊണ്ട് പിന്നീടയാൾ അയ്മനം സിദ്ധാർഥൻ ആയി. ഇതു ഫഹദ് ഫാസിലല്ലേ എന്ന് ചിന്തിക്കാനുള്ള അവസരം പോലും കൊടുക്കാതെ അയാൾ കപട രാഷ്ട്രീയക്കാരനായി തകർത്താടി. തന്മയത്തോടെ ഹാസ്യം കൈകാര്യം ചെയ്തു. ഈ കൈയ്കളിൽ എന്തും ഭദ്രം എന്ന് വീണ്ടും തെളിയിച്ചു.ബാംഗ്ലൂർ ഡെയ്‌സും ഇയോബിന്റെ പുസ്തകവും അയാളെ വീണ്ടും ജനസമ്മതനാക്കി.

അപ്പോഴും മലയാളികൾക്കറിയില്ലായിരുന്നു. ഇനിയുള്ളത് അയാളുടെ കാലമാണെന്നും വരാനിരിക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന അയാളുടെ പ്രകടങ്ങളാണെന്നും. 2016’ൽ ദിലീഷ് പോത്തന്റെ “മഹേഷിന്റെ പ്രതികാരം”. മലയാളത്തിനുമപ്പുറം ഫഹദ് ഫാസിൽ എന്ന നടന്റെ റേഞ്ച് മനസിലാക്കി തന്നു. തനിക്കടുപ്പമുള്ള ആരോ ആണ് മഹേഷ്‌ എന്ന് തോന്നിപ്പിക്കാൻ ഫഹദിന് നിഷ്പ്രയാസം കഴിഞ്ഞു.വളരെ ക്ലീഷേ ആയി തോന്നാവുന്ന “കണ്ണിലൂടെയുള്ള അഭിനയം ” ഫഹദ് ഫാസിൽ മലയാളികൾക്ക് കാണിച്ചു തന്നു. ഇന്നും പലരുടേയും പ്രിയപ്പെട്ട ചിത്രമായി “മഹേഷിന്റെ പ്രതികാരം ” നിലനിൽക്കുന്നു.അനായാസമായി അഭിനയിക്കാനുള്ള അയാളുടെ കഴിവിനെ മലയാളികൾ പ്രകീർത്തിക്കാൻ തുടങ്ങി. ഇകഴ്ത്തലുകളും പുകഴ്ത്തലുകളും ബാധിക്കാതെ അയാൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

പിന്നെയങ്ങോട് ഇനി എന്തിനധികം പറയുന്നു എന്ന രീതിയിൽ അയാൾ കൈകാര്യം ചെയ്ത സിനിമകളുടെ ഘോഷയാത്രയായിരുന്നു. ടേക്ക് ഓഫ്‌, തൊണ്ടിമുതലും ദൃക്സാക്ഷിയും, കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ, കുമ്പളങ്ങി നൈറ്റ്സ്, ജോജി, മാലിക് അങ്ങനെ അയാളയാളെ ഒന്നിലും ഒതുക്കാൻ കഴിയാത്ത രീതിയിൽ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു. ഒരു പരിധിക്കുള്ളിൽ നിർത്താൻ കഴിയുന്ന നടനല്ല താനെന്നു തന്റെ സിനിമകളിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും അയാൾ തന്റെ സാന്നിധ്യം അറിയിച്ചു.

മലയാളത്തിലെ യുവനടന്മാരിൽ ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്ത, എല്ലാവരുടേയും പ്രിയപ്പെട്ടവനായി ഫഹദ് ഫാസിൽ അയാളുടെ നിറഞ്ഞാട്ടം തുടർന്ന് കൊണ്ടിരിക്കുന്നു. വരാനിരിക്കുന്ന അതിശയപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന സിനിമകൾക്കായി കാത്തിരിക്കാം. കാലം ഫഹദ് ഫാസിലിലൂടെ മലയാള സിനിമയേ ഇനിയും ഇനിയും ഉറ്റു നോക്കുന്ന കാലം വിദൂരമല്ല.

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന് ഒരായിരം ജന്മദിനാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News