മഹാമാരിക്കാലത്തെ അതിജീവിച്ച ഒളിമ്പിക്‌സ് ആവേശത്തിന് സമാപനം; ഇനി പാരീസില്‍ കാണാം

ടോക്യോ ഒളിമ്പിക്‌സിന് കൊടിയിറങ്ങി. മേള സമാപിച്ചെന്ന് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്‌സ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് ടോക്യോയില്‍ ഒളിമ്പിക്‌സ് മാമാങ്കം ആരംഭിച്ചത്. 2024ല്‍ പാരീസിലാണ് അടുത്ത ഒളിമ്പിക്‌സ് നടക്കുക.

ആദ്യ ദിനങ്ങളിലൊക്കെ മെഡല്‍ നിലയില്‍ മുന്നിലായിരുന്ന ചൈനയെ മറികടന്ന് അമേരിക്ക മുന്നിലെത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. 39 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. 38 സ്വര്‍ണമുള്‍പ്പെടെ 88 മെഡലുകള്‍ സ്വന്തമാക്കിയ ചൈന മെഡല്‍ പട്ടികയില്‍ രണ്ടാമത് ഫിനിഷ് ചെയ്തു. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തെത്തി. ഒരു സ്വര്‍ണമുള്‍പ്പെടെ നേടിയാണ് ഇന്ത്യ ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിലും ചരിത്രം കുറിച്ചത്.

അവസാന ദിനത്തില്‍ വനിതകളുടെ ബാസ്‌കറ്റ്ബോളിലും വോളിബോളിലുമുള്‍പ്പെടെ അമേരിക്ക മൂന്ന് സ്വര്‍ണം നേടി. ആകെ 39 സ്വര്‍ണത്തിനൊപ്പം 41 വെള്ളിയും 33 വെങ്കലവും അമേരിക്കയ്ക്ക് സ്വന്തം. 32 വെള്ളിയും 18 വെങ്കലവും 38 സ്വര്‍ണവും ചൈനയും നേടി.

അതേസമയം, ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്ലറ്റിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് കൈനിറയെ പാരിതോഷികങ്ങള്‍. ഹരിയാന പഞ്ചാബ് സര്‍ക്കാരുകളും മഹീന്ദ്രയും ബൈജൂസുമൊക്കെ നീരജിന് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. ടോക്യോയില്‍ 87.58 മീറ്റര്‍ ദൂരെ ജാവലില്‍ എറിഞ്ഞാണ് നീരജ് ചരിത്രത്തില്‍ ഇടം നേടിയത്.

മെഡല്‍ നേടിയതിനു പിന്നാലെ സ്വന്തം സംസ്ഥാനമായ ഹരിയാനയാണ് നീരജിന് ആദ്യ പാരിതോഷികം വാഗ്ധാനം ചെയ്തത്. ആറ് കോടി രൂപയുടെ സാമ്പത്തിക പാരിതോഷികം പ്രഖ്യാപിച്ച ഹരിയാന, ഇന്ത്യന്‍ സൈന്യത്തിലെ ജീവനക്കാരനായ നീരജിന് ക്ലാസ് വണ്‍ സര്‍ക്കാര്‍ ഉദ്യോഗം വാഗ്ദാനം ചെയ്തു. കൂടാതെ സംസ്ഥാനത്ത് എവിടെയും 50 ശതമാനം വില ഇളവില്‍ ഭൂമി സ്വന്തമാക്കാനുള്ള അധികാരവും നല്‍കി.

ഹരിയാന സര്‍ക്കാരിന്റെ രണ്ട് കോടി രൂപ, മണിപ്പൂര്‍ സര്‍ക്കാരിന്റെ ഒരു കോടി രൂപ, കൂടാതെ ബി സി സി ഐയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ഒരു കോടി രൂപ, മഹീന്ദ്ര എക്‌സ് യുവി 700, ബൈജൂസ് ഗ്രൂപ്പിന്റെ രണ്ട് കോടി രൂപ എന്നീ പാരിതോഷികങ്ങളും നീരജിനു ലഭിച്ചു.

ലോകമെമ്പാടും ബാധിച്ച കൊവിഡ് ഭീഷണിക്കിടയില്‍ നടന്ന ഒളിമ്പിക്സ് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് ജപ്പാന്‍ ലോകത്തിന് തന്നെ മാതൃകയായി. കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ച ഒളിമ്പിക്സാണ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്യോയില്‍ അരങ്ങേറിയത്. ഒളിമ്പിക് വില്ലേജില്‍ പോലും നിരവധി പേര്‍ രോഗബാധിതരായെങ്കിലും അതൊന്നും മഹാമേളയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ സംഘാടകര്‍ക്കായി.

ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള കൈമാറ്റ ചടങ്ങില്‍ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ക്കസ്ട്രയാണ് ചടങ്ങില്‍ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്. സ്‌ക്രീനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിമ്പിക് ആപ്തവാക്യത്തിനൊപ്പം ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഒളിമ്പിക് പതാക ടോക്യോ ഗവര്‍ണര്‍ കൊയ്കെ യുറിക്കോ ഐ ഒ സി പ്രസിഡന്റ് തോമസ് ബാച്ചിന് കൈമാറി. അദ്ദേഹം പതാക അടുത്ത ഒളിമ്പിക്സ് വേദിയായ പാരീസിന്റെ മേയര്‍ അന്ന ഹിഡാല്‍ഗോയ്ക്ക് കൈമാറിയതോടെ ചടങ്ങിന് സമാപനമായി. തുടര്‍ന്ന് ഗെയിംസ് അവസാനിച്ചതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒളിമ്പിക്സിന്റെ തുടര്‍ച്ചയായ പാരാലിമ്പിക്സിന് ഈ മാസം 24-ന് ടോക്യോയില്‍ തുടക്കമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News