ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത മറാഠി ചിത്രം ചോർന്നു; വ്യാജ പതിപ്പ് ടെലിഗ്രാമിൽ, പരാതിയുമായി മലയാളി സംവിധായകൻ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത മറാഠി ചിത്രം ചോർന്നു. മുംബൈ മലയാളികൾ ചേർന്നൊരുക്കിയ സിനിമയാണ് റിലീസ് ചെയ്തതിന് പുറകെ ചോർന്നതായി പരാതി ഉയർന്നിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ ലഭ്യമായതോടെ ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുവാൻ തുടങ്ങി.

ഫെബ്രുവരിയിൽ തീയേറ്റർ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കണ്ണൂർ സ്വദേശിയായ സംവിധായകൻ സിജോ റോക്കി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തോടെ പ്രദർശനം നിർത്തുകയായിരുന്നു. രോഗ വ്യാപനം നില നിൽക്കുന്ന സാഹചര്യത്തിൽ കുടുംബ പ്രേക്ഷകർക്ക് വേണ്ടിയാണ് രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.

എന്നാൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഇറങ്ങിയെന്നാണ് സിജോ റോക്കി നിരാശ പങ്ക് വച്ചത്. നിരവധി പേരുടെ കഷ്ടപ്പാടുകൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന വ്യാജ പതിപ്പുകൾ സിനിമാ മേഖലയെ തന്നെ തകർക്കുന്ന നിലയിലേക്കാണ് പോകുന്നതെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും സിജോ കൈരളി ന്യൂസിനോട് പറഞ്ഞു.

ചിത്രത്തിൽ ശങ്കർ മഹാദേവൻ പാടിയ ഗാനം റിലീസിന് മുൻപ് തന്നെ യൂട്യൂബിൽ തരംഗമായിരുന്നു. മറാഠി ചിത്രങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും മികച്ച പ്രതികരണങ്ങൾ റിലീസിന് മുൻപേ ലഭിക്കുന്നത്. മുംബൈയിലെ പരസ്യ മേഖലയിൽ നിന്നുള്ള ഒരു കൂട്ടം മലയാളികൾ ചേർന്നൊരുക്കിയ മറാഠി ചിത്രമാണ് പ്രീതം. ചിത്രത്തിന്റെ അഭിനേതാക്കൾ ഒഴിച്ചുള്ളവരെല്ലാം മലയാളികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News