ടോക്യോയിൽ തിരശ്ശീല താഴ്ന്നപ്പോൾ ഇന്ത്യയ്ക്ക് പുതുയുഗപ്പിറവിയുടെ കൊടിയേറ്റത്തിൽ അഭിമാനം

ടോക്യോയിൽ 32-ാമത് ഒളിമ്പിക്സിന് ഇന്നലെ കൊടി താഴ്ന്നപ്പോൾ ഇന്ത്യൻ കായിക വേദി സമൂഹം പുതുയുഗപ്പിറവിയുടെ കൊടിയേറ്റത്തിൽ അഭിമാനിക്കുന്നു. മെഡൽ നേട്ടത്തിൽ ഇതുവരെയുള്ള ചരിത്രങ്ങളൊക്കെയും പഴങ്കഥയാക്കിയാണ് ഇന്ത്യൻ കായിക താരങ്ങൾ ജപ്പാനോട് വിട പറഞ്ഞത്.

കൊവിഡും ലോക്ഡൗണും തീർത്ത വെല്ലുവിളികൾക്ക് ഇടയിൽ നിന്ന് നേടിയെടുത്ത ഏഴു മെഡലുകൾക്ക് 130 കോടി ജനതയുടെ അഭിമാനത്തിന്റെ തിളക്കമുണ്ട്. ടോക്യോയിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടമായ നിരവധി ഇന്ത്യൻ താരങ്ങളുണ്ട്. മെഡലരികത്തുവന്നില്ലെങ്കിൽപ്പോലും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തവരുണ്ട്. മൂന്നുവർഷങ്ങൾക്കപ്പുറം പാരീസിൽ ഇതിലും മികച്ചൊരു പ്രകടനം കാഴ്ചവയ്ക്കാനാകും എന്ന ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചാണ് ജപ്പാനിൽ നിന്ന് ഇന്ത്യ മടങ്ങിയത്.

ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയിൽ അരങ്ങേറിയത്. ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഒളിമ്പിക്സ് എന്ന റെക്കോഡ് ടോക്യോയ്ക്ക് സ്വന്തം. 2012ലെ ലണ്ടൻ ഒളിമ്പിക്സിലെ ആറുമെഡലുകളുടെ റെക്കോഡാണ് തകർന്നുവീണത്.

ഒരു സ്വർണവും രണ്ട് വെള്ളികളും നാല് വെങ്കലങ്ങളുമാണ് ഇന്ത്യ ടോക്യോയിൽ നേടിയത്. ലണ്ടനിൽ രണ്ട് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്.

ഇതാദ്യമായാണ് ഒരു ഒളിമ്പിക്സിൽ സ്വർണം ,വെള്ളി,വെങ്കലം എന്നിങ്ങനെ മൂന്ന് മെഡലുകളും ഒരുമിച്ച് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഒരു ദിവസം ഒന്നിലേറെ മെഡലുകൾ ലഭിക്കുന്ന കാഴ്ചയ്ക്കും ടോക്യോ സാക്ഷിയായി.

ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിലെ അത്‌ലറ്റിക്സിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ അതിൽ പൊൻ നിറം ചാലിക്കുകയായിരുന്നു നീരജ് ചോപ്ര. 2008ൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി 23കാരനായ ഈ പട്ടാളക്കാരൻ. ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒന്നാം സ്ഥാനം നേടിയത്. അഞ്ചുവർഷം മുമ്പ് ലോക അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ റെക്കാഡോടെ സ്വർണം നേടിയതു മുതൽ ഒളിമ്പിക്സിലെ ആദ്യ അത്‌ലറ്റിക്സ് മെഡൽ നീരജിലൂടെ വരുമെന്ന് മിൽഖാസിംഗ് ഉൾപ്പടെയുള്ളവർ കണ്ട സ്വപ്നമാണ് സഫലമായിരിക്കുന്നത്.

ഒരു ഇന്ത്യാക്കാരൻ ആദ്യമായി ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടുന്നത് 1952 ഹെൽസിങ്കി ഗെയിംസിൽ കെ.ഡി ജാദവിലൂടെയാണ്. 2008 മുതൽ എല്ലാ ഒളിമ്പിക്സുകളിലും ഗുസ്തിക്ക് മെഡൽ ലസിക്കുന്നു.ഇത്തവണ രണ്ട് മെഡലുകൾ; ഒരു വെള്ളിയും ഒരു വെങ്കലവും.

സ്വർണത്തിനരികെയെത്തി വെള്ളി സമ്മാനിച്ചത് രവികുമാർ ദഹിയ. ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ വെള്ളിയാണിത്. ബജ്‌റംഗ് പുനിയയാണ് വെങ്കലം സമ്മാനിച്ചത്. കസാഖിസ്ഥാന്റെ ദൗലത് നിയാസ്‌ബെക്കോവിനെ 8-0 എന്ന സ്‌കോറിന് തോൽപ്പിച്ച് ബജ്‌റംഗ് സ്വന്തമാക്കിയത് ഒളിമ്പിക് ഗുസ്തിയിലെ ഇന്ത്യയുടെ ഏഴാം മെഡലാണ്.

ടോക്യോയിൽ ഇന്ത്യ അക്കൗണ്ട് തുറന്നത് വെയ്റ്റ്ലിഫ്റ്റിംഗിൽ മീരാഭായ് ചാനുവിന്റെ വെള്ളിയോടെയാണ്.ആദ്യ ദിനത്തിൽ തന്നെ മെഡൽ നേടി ചാനു ചരിത്രം കുറിച്ചു. വനിതകളുടെ 49 കിലോ വിഭാഗത്തിലായിരുന്നു വെള്ളി. 2000 സിഡ്‌നി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ വെയ്റ്റ്ലിഫ്റ്റിംഗിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ചാനു.

2016 റിയോ ഒളിമ്പിക്‌സിൽ വെള്ളി നേടിയ സിന്ധു ടോക്യോയിൽ വെങ്കലം നേടി തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി.ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15ന് തകർത്താണ് സിന്ധു വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്.

ആറുവട്ടം ലോകചാമ്പ്യനായ എം.സി മേരികോം നിർഭാഗ്യത്തിന്റെ ഇടിയേറ്റ് പുറത്തായപ്പോൾ ബോക്സിംഗിൽ അഭിമാനമുയർത്തിയത് അസാംകാരിയായ ലവ്‌ലിന ബോർഗൊഹയ്നാണ്. വനിതകളുടെ വെൽട്ടർ വെയ്റ്റ് വിഭാഗം സെമിയിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുമെനേലിയോട് തോൽവി വഴങ്ങിയതോടെയാണ് ലവ്‌ലിനയെത്തേടി വെങ്കലമെത്തിയത്. വിജേന്ദർ സിംഗിനും (2008), മേരികോമിനും (2012) ശേഷം ഒളിമ്പിക് ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന താരമാണ് ലവ്‌ലിന.

ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ജർമ്മനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ഹോക്കി ടീം 41 വർഷങ്ങൾക്ക് ശേഷം ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചു. ആദ്യ മത്സരം മുതൽ മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ നിർണായകമായി. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ശേഷം ഇന്ത്യ ഹോക്കിയിൽ നേടുന്ന ആദ്യ മെഡലാണിത്. 49വർഷത്തിന് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന മലയാളിയായി ശ്രീജേഷ് മാറി. നാലാം സ്ഥാനത്തെത്തിയ വനിതാ ടീമും ചേർന്ന് ടോക്യോയിൽ ഇന്ത്യൻ ഹോക്കിയുടെ പുനർജനിക്ക് തറക്കല്ലിട്ടാണ് മടങ്ങിയത്.

മെഡൽ നേടാനായില്ലെങ്കിലും ചരിത്രം കുറിച്ച ചില പ്രകടനങ്ങൾ ഇന്ത്യ ടോക്യോയിൽ പുറത്തെടുത്തിട്ടുണ്ട്. വനിതാ ഹോക്കിയിലും തുഴച്ചിലിലും ഗോൾഫിലും ഫെൻസിംഗിലും ടേബിൾ ടെന്നിസിലുമൊക്കെ ഇന്ത്യ അപ്രതീക്ഷിതമായ കുതിപ്പ് നടത്തി. വനിതാ ഹോക്കി ടീം ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ബ്രിട്ടീഷ് ടീമിനോട് അവസാനം വരെ പൊരുതി നോക്കിയ ശേഷമാണ് 3-4ന് കീഴടങ്ങിയത്.

വനിതാ ഗോൾഫിൽ അവിശ്വസനീയ കുതിപ്പ് നടത്തി പ്രതീക്ഷ സമ്മാനിച്ച അദിതി അശോക് നിർഭാഗ്യം കൊണ്ടുമാത്രമാണ് നാലാമതായത്.

പുരുഷന്മാരുടെ ഡബിൾസ് റോവിംഗിൽ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസിൽ അർജുൻ ലാൽ ജത്-അരവിന്ദ് സിംഗ് സഖ്യം റെപ്പാഷാഷ് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ 11-ാം സ്ഥാനം നേടിയത് ഒളിമ്പിക്സിലെ ഇന്ത്യയുടെ മികച്ച പ്രകടനം.

വനിതാ ഫെൻസിംഗിൽ ആദ്യമായി ഒളിമ്പിക് യോഗ്യത നേടിയ ഇന്ത്യൻ താരമായ ഭവാനി ദേവി ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ടിലെത്തുന്ന ഇന്ത്യൻ താരമായി. തമിഴ്‌നാട്ടുകാരിയായാണെങ്കിലും കേരളത്തിൽ പരിശീലനം നടത്തുന്ന ഭവാനിദേവി ആദ്യ റൗണ്ടിൽ ടൂണീഷ്യയുടെ നാദിയ അസീസിയെയാണ് കീഴടക്കിയത്.

മൂന്ന് മലയാളികൾ കളത്തിലിറങ്ങിയ പുരുഷന്മാരുടെ 4X400 മീറ്റർ റിലേയിൽ ഫൈനലിലേക്ക് പ്രവേശനം നേടാനായില്ലെങ്കിലും ഏഷ്യൻ റെക്കോഡോടെ ഹീറ്റ്‌സിൽ നാലാം സ്ഥാനത്തെത്തി. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം 3:00.25 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ 2018 ഏഷ്യൻ ഗെയിംസിൽ ഖത്തർ കുറിച്ച റെക്കോഡ് പഴങ്കഥയായി.

വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ആറാം സ്ഥാനത്തെത്തി ഇന്ത്യയുടെ കമൽപ്രീത് കൗറും മികച്ച നേട്ടം സ്വന്തമാക്കി. ടേബിൾ ടെന്നിസിൽ ആദ്യമായി മൂന്നാം റൗണ്ടിലെത്തി മണിക ബത്രയും അചാന്തശരത് കമലും കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്തു.

ഗുസ്തിയിൽ ദീപത് പുനിയയ്ക്ക് മെഡൽ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി. വെങ്കല മത്സരത്തിൽ സാൻ മരിനോയുടെ മൈലെസ് നാസെമിനോട് അവസാന നിമിഷം തോൽവി വഴങ്ങുകയായിരുന്നു ദീപക്. ബോക്സിംഗിൽ ഒരു വിജയത്തിനപ്പുറം മെഡലുണ്ടായിരുന്ന സതീഷ് കുമാറും പൂജാറാണിയും ലോക റാങ്കിംഗിൽ മുന്നിലുള്ള എതിരാളികളോട് ക്വാർട്ടറിൽ പരാജയപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News