ബത്തേരി കോഴ; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

ബിജെപി ബത്തേരി കോഴയുമായി ബന്ധപ്പെട്ട് പ്രശാന്ത്‌ മലവയലിനെതിരേയും എം ഗണേഷിനെതിരേയും കേസ്‌. നിർണ്ണായക തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ നിയമ നടപടി. തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ ഇവർ ഉപയോഗിച്ച ഫോണുകൾ ഹാജരാക്കാൻ നൽകിയ നോട്ടീസുകൾ തുടർച്ചയായി അവഗണിച്ചതോടെയാണ്‌ അന്വേഷണ സംഘം കേസെടുത്തത്‌. ഇതിനിടെ കേസിലെ രണ്ടാം പ്രതി സി കെ ജാനുവിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി.

സി കെ ജാനുവിന്‌ എൻ ഡി എ സ്ഥാനാർത്ഥിയാവാൻ 35 ലക്ഷം രൂപ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ്‌ വിവരം. കേസിലെ നിർണ്ണായക മൊഴികളിൽ ഇടനിലക്കാരായി നിന്ന നേതാക്കൾക്കെതിരെ തെളിവുകളും അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിനിടെ ചോദ്യം ചെയ്ത ബി ജെ പി സംഘടനാ സെക്രട്ടറി എം ഗണേഷും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു.

തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ ഇവർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ഇവർ ഹാജരാക്കിയിരുന്നില്ല. പ്രശാന്ത് മലവയൽ പുതിയ ഒരു ഫോൺ മാത്രം നൽകി.എം ഗണേഷാവട്ടെ അന്വേഷണത്തോട്‌ നിസ്സഹകരിച്ചു.അന്വേഷണ സംഘം രണ്ടു തവണ നൽകിയ നോട്ടീസിനോടും പ്രതികരിച്ചില്ല. ഇതൊടെ നിയമ നടപടിയിലേക്ക്‌ ക്രൈം ബ്രാഞ്ച്‌ സംഘം നീങ്ങുകയാണ്‌.

188 ഐ പി സി പ്രകാരമാണ്‌ കേസെടുക്കുക. കോഴ കൈമാറിയത്‌ ഗണെഷിന്റേയും പ്രശാന്തിന്റേയും മേഖലാ സെക്രട്ടറി കെപി സുരേഷിന്റേയും അറിവോടെയായിരുന്നെന്ന് പ്രസീദ അഴീക്കോടിന്റെയുൾപ്പെടെ മൊഴികളുണ്ടായിരുന്നു.

മാനന്തവാടി കോടതിയിൽ ഇത്‌ രഹസ്യമൊഴിയായും രേഖപ്പെടുത്തിയിട്ടുണ്ട്‌.പണമിടപാടുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽ ഇവരുടെ പങ്ക്‌ സംബന്ധിച്ചും തെളിവുണ്ടായിരുന്നു.

അന്വേഷണത്തിൽ നിർണ്ണായകമാണ്‌ ഇവർ തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ ഉപയോഗിച്ച ഫോണുകൾ കണ്ടെത്തുക എന്നത്‌.അതിനാൽ തന്നെ കടുത്ത നടപടികളിലേക്കാണ്‌ അന്വേഷണ സംഘം കടക്കുന്നത്‌.

കേസിലെ ഒന്നാം പ്രതി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനുമൊരുങ്ങുകയാണ്‌ അന്വേഷണ സംഘം. അതേ സമയം കേസുമായി ബന്ധപ്പെട്ട്‌ ക്രൈം ബ്രാഞ്ച്‌ രണ്ടാം പ്രതി സി കെ ജാനുവിന്റെ വീട്ടിൽ പരിശോധന നടത്തി.സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചു. നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ്‌ സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News