‘ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?’ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്

“ഈശോ” സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് കാത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക് തന്റെ ബന്ധുവിനടക്കം ഇങ്ങനെ പേരുണ്ടല്ലോ ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളില്‍ ചിലര്‍ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോയെന്നും ബിഷപ്പ് ചോദിച്ചു.

അതിനിടെ ഈശോ എന്ന സിനിമ ക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ളതല്ലെന്ന് നടന്‍ ജയസൂര്യ പ്രതികരിച്ചു. കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈശോ എന്ന പേരിനൊപ്പം നോട്ട് ഫ്രം ബൈബിള്‍ എന്ന് കൊടുത്തതെന്നും ജയസൂര്യ വ്യക്തമാക്കി. അതിലും തെറ്റിദ്ധാരണ പടര്‍ത്തുമ്പോള്‍ ഒന്നും പറയാനില്ലെന്ന് ജയസൂര്യ പറഞ്ഞു.പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ ആരും പ്രശ്‌നവുമായി വന്നില്ല. സിനിമയുടെ പേരിനെ ചൊല്ലി പുറത്തുള്ളവര്‍ നിയന്ത്രണവുമായി വരുന്നത് അംഗീകരിക്കാനാകില്ല. ഈശോ എന്ന സിനിമ മുന്നോട്ട് വെക്കുന്ന സന്ദേശമുണ്ട്. ആ സിനിമ കണ്ട് കഴിഞ്ഞാല്‍ ഇപ്പോഴുള്ള തെറ്റിദ്ധാരണ മാറുമെന്നും ജയസൂര്യ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ഈശോ’ എന്ന് പേരിട്ടതുകൊണ്ട് അത് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇത്രയേറെ ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഏറെ വിഷമമുണ്ടെന്നും ജയസൂര്യ പറഞ്ഞു. സിനിമ പുറത്തിറങ്ങിയ ശേഷം അത് ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകാം. അതിന് ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്ന ഒന്നും സിനിമാക്കാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. അത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണെന്നും ജയസൂര്യ വ്യക്തമാക്കി.

സിനിമയുടെ പേര് മാറ്റില്ലെന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ നിലപാട്.

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ഈശോ. ജാഫര്‍ ഇടുക്കിയും പ്രധാന റോളിലുണ്ട്. അരുണ്‍ നാരായണനും ബാദുഷയുമാണ് നിര്‍മ്മാണം. സുനീഷ് വാരനാടാണ് തിരക്കഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News