വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു

പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതു വരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ആഗസ്റ്റ് 10 ന് വൈദ്യുതി ജീവനക്കാർ നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാൻ നാഷനൽ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. പാർലമെന്റിന്റെ നടപ്പ് സമ്മേളനം ആഗസ്റ്റ് 13 നാണ് അവസാനിക്കുന്നത്.

അതിനിടയിൽ ബിൽ അവതരിപ്പിക്കുകയാണെങ്കിൽ അന്ന് അഖിലേന്ത്യാ വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തും. കേന്ദ്രം സംസ്ഥാനങ്ങളുമായും സംഘടനകളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കാതെ അടുത്ത സമ്മേളനത്തിൽ ബില്ലവതരണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള അതി ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുവാനും കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി വമ്പിച്ച തയ്യാറെടുപ്പുകളാണ് വിവിധ സംഘടനകൾ സംയുക്തമായി നടത്തിയത്. ജീവനക്കാർക്കും ജനങ്ങൾക്കു മിടയിൽ വലിയ തോതിൽ പ്രചരണം നടത്തുവാൻ കഴിഞ്ഞു. രാജ്യത്തിന്റെ നാല് മേഖലകളിൽ നിന്നുള്ള NCCOEEE സംഘടനകളിലെ നേതാക്കളും പ്രവർത്തകരും ആഗസ്റ്റ് 3 മുതൽ 6 വരെ പാർലമെന്റ് സ്ട്രീറ്റിൽ നടത്തിയ ധർണ്ണ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ തീവ്രത കേന്ദ്രത്തെ ബോധ്യപ്പെടുത്തുവാൻ ഉപകരിച്ചു.

കേരള നിയമസഭ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയത് രാജ്യവ്യാപകമായി പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്നു. കേന്ദ്ര സർക്കാറിനെ സമ്മർദ്ദത്തിലാക്കുന്നതിന് ഇത് സഹായകമായി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെ എതിർത്തുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതി. കഴിഞ്ഞ 8 മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന സംയുക്ത കർഷക മോർച്ച വൈദ്യുതി ദേദഗതി ബിൽ പാസ്സാക്കരുതെന്ന് വീണ്ടും ശക്തിയായി ആവശ്യപ്പെട്ടു.

ആഗസ്റ്റ് 10 ന്റെ പണിമുടക്കിൽ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വൈദ്യുതി മേഖല പൂർണ്ണമായും സ്തംഭിക്കുമെന്ന സ്ഥിതി സംജാതമായി. ഇതെല്ലാമാണ് ഈ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നതിൽ നിന്ന് കേന്ദ്രത്തെ താൽക്കാലികമായെങ്കിലും പിന്തിരിപ്പിച്ചത്. കേരളത്തിൽ പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നത്. ബുള്ളറ്റിനും ലഘുലേഖകളും പോസ്റ്ററുകൾക്കും പുറമെ ജീവനക്കാർ വൈവിധ്യമാർന്ന പ്രചരണങ്ങൾ സ്വതന്ത്രമായി നടത്തി.

സോഷ്യൽ മീഡിയയിലൂടെ അതിവിപുലമായ പ്രചരണമാണ് നടത്തിയത്. നിരവധി വീഡിയോ ചിത്രങ്ങളും സ്കിറ്റുകളും തയ്യാറാക്കി പ്രചരിപ്പിച്ചു. ജൂലൈ 19ന്റെ കുറ്റവിചാരണ, ജൂലൈ 27 ന്റെ പണിമുടക്ക് നോട്ടീസ് കൊടുക്കൽ, ജൂലൈ 29 ന്റെ സംസ്ഥാന ബഹുജന കൺവെൻഷൻ, ആഗസ്റ്റ് 1 ന്റെ വീട്ടുമുറ്റ പ്രതിഷേധ ജ്വാല , ജില്ലാ പ്രാദേശിക തല കൺവെൻഷനുകൾ തുടങ്ങി എല്ലാ പരിപാടികളിലും ജീവനക്കാരും ബഹുജനങ്ങളും ആവേശപൂർവ്വം പങ്കെടുത്തു.

ബഹു. വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി , മുൻ വിദ്യുച്ഛക്തി വകുപ്പുമന്ത്രി സ എം.എം.മണി എംഎൽഎ , മുൻ മന്ത്രി വി.എം.സുധീരൻ , ട്രേഡ് യൂണിയൻ നേതാക്കളായ സ. എളമരം കരീം എം.പി, ആനത്തലവട്ടം, ആനന്ദൻ, കെ.പി.രാജേന്ദ്രൻ , സത്യൻ മൊകേരി, DYFI സംസ്ഥാന സെക്രട്ടറി സ.എ.എ.റഹീം എന്നിവരുടെ സാന്നിധ്യം പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് കരുത്തും ആവേശവും പകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News