ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ മുഖംനോക്കാതെ നടപടി: മന്ത്രി ആന്റണി രാജു

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് നിയമലംഘകര്‍ക്ക് പ്രയാസവും സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്താലും നടപടിയുണ്ടാകും.

വ്ളോഗര്‍മാരായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് രാവിലെയാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇ- ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വാന്‍ ആര്‍ ടി ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസിലേക്ക് എത്തി.

ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here