ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ് യാത്രാ യൂ ട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത.

യൂ ട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് രാവിലെ മുതൽ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് തടിച്ചുകൂടിയത്.

ഇപ്പോൾ മറ്റു ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചുകൊണ്ടും രംഗത്തുവന്നിരിക്കുകയാണ്.

പൊലീസ് വാഹനങ്ങൾക്കും ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനുമൊക്കെ സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടായെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ നിയമലംഘനത്തെ ന്യായീകരിച്ച് കൊണ്ട് എത്തിയ ഒരു വിഭാഗം സോഷ്യല്‍മീഡിയയിലെ ഉയര്‍ത്തിയ വാദം.

എന്നാൽ തികച്ചും ഇത്തരം വെല്ലുവിളികൾ ഒരു തെറ്റിദ്ധാരണയുടെ പേരിൽ നടക്കുന്നതാണെന്നാണ് ഓട്ടോ മൊബൈല്‍ മാധ്യമപ്രവര്‍ത്തകനായ ജുബിന്‍ ജേക്കബ് കൊച്ചുപുരക്കൻ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

‘വൈ ദിസ് ലിവെറി?
സോഷ്യൽ മീഡിയയിൽ ഏതാനും മണിക്കൂറുകളായി കറങ്ങുന്ന ഒരു പോസ്റ്ററാണ്‌ ആദ്യത്തെ ചിത്രം.
ഹൈവേ പൊലീസിന്റെയും പിങ്ക് പട്രോളിന്റെയുമൊക്കെ വാഹനങ്ങളുടെ ചിത്രത്തോടൊപ്പം വിവാദവാഹനമായ നെപ്പോളിയന്റെ ചിത്രവും ചേർത്താണ്‌ രോഷപ്രകടനം. പൊലീസ് വാഹനങ്ങൾക്കും ആംബുലൻസിനുമൊക്കെ സ്റ്റിക്കറൊട്ടിക്കാമെങ്കിൽ ഞങ്ങൾക്കെന്തുകൊണ്ട് ആയിക്കൂടാ എന്നാണ്‌ ചോദ്യം. ഇതൊരു തെറ്റിദ്ധാരണയുടെ മേൽ വളർന്നു വന്ന ചോദ്യമാണ്‌. അതെന്താണെന്ന് പറയാം.

Livery (ലിവെറി) എന്നൊരു വാക്കുണ്ട്. ഒരു യൂണീഫോം പോലെ വാഹനങ്ങളെയോ മറ്റു വസ്തുക്കളെയൊ തിരിച്ചറിയാനായി സർക്കാരോ സർക്കാരിതര സ്ഥാപനങ്ങളോ അവരുടേതായ നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് രൂപകല്പന ചെയ്യുന്ന ഒരു സംവിധാനത്തിന്റെ പേരാണിത്. എയർ ഇന്ത്യയുടെ വിമാനം മുതൽ കെ.എസ്.ആർ.ടി.സി ബസ് വരെയുള്ള വാഹനങ്ങൾ നമ്മൾ തിരിച്ചറിയുന്നത് ഈ ലിവെറി ഉള്ളതു കൊണ്ടാണ്‌.
കേരളാ പൊലീസിന്റെ ലിവെറി ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്‌. സ്റ്റേഷൻ വാഹനങ്ങൾക്ക് പ്രത്യേകിച്ച് ഡിസൈനുകളില്ലെങ്കിലും ഹൈവേ പട്രോൾ, പിങ്ക് പട്രോൾ, കൺട്രോൾ റൂം വാഹനങ്ങൾ തുടങ്ങിയവയ്ക്ക് നിശ്ചിത നിറങ്ങളും ഡിസൈനുമുണ്ട്. എംവിഡിയുടെ വാഹനങ്ങൾക്കും ഇതേ പോലെ ഓരോ ലിവെറിയുണ്ട്. 108 ആംബുലൻസുകൾ കണ്ടിട്ടുള്ളവർക്കറിയാം ഒരേ തരത്തിൽ ഡിസൈനുള്ള ആ വാഹനങ്ങളുടെ ലിവെറി. ഇതെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്തവയാണ്‌.
സ്വകാര്യവാഹനങ്ങൾക്ക് ലിവെറി ഉണ്ടാക്കാനാകുമോ?

നിങ്ങൾ ഒരു വ്യക്തിയായാലും സ്ഥാപനമായാലും സ്വന്തം വാഹനത്തിന്‌ അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാവും എന്നാണ്‌ ഉത്തരം. ഇത് നമ്മുടെ നാട്ടിലെയോ വിദേശത്തെയോ പൊലീസ്/മിലിട്ടറി അല്ലെങ്കിൽ പാരാമിലിട്ടറി പോലെയുള്ള ഫോഴ്സുകളുടെ വാഹനങ്ങളുടെ ലിവെറിയുമായി സാമ്യമില്ലാത്തതും, നിയമവിരുദ്ധമായ ചിഹ്നങ്ങളോ വാചകങ്ങളോ പ്രദർശിപ്പിക്കാത്തതുമായിരിക്കണം. മുമ്പ് വടക്കൻ കേരളത്തിൽ ദുബായ് പൊലീസ് വാഹനത്തിന്റെ മാതൃകയിൽ ലിവെറി ചെയ്ത ഒരു കാർ പിടിച്ചത് വാർത്തയായിരുന്നു. നാം നിത്യജീവിതത്തിൽ കാണുന്ന കൊറിയർ വാഹനങ്ങൾ, എടിഎമ്മുകളിൽ നോട്ട് കൊണ്ടുവരുന്ന കവചിത വാഹനങ്ങൾ തുടങ്ങി എണ്ണക്കമ്പനികളുടെ സ്വന്തമായ ടാങ്കർ ലോറികൾ വരെ ശ്രദ്ധിച്ചാൽ അതാത് കമ്പനികളുടെ സ്വന്തം ലിവെറികൾക്ക് ഉദാഹരണം മറ്റൊന്നും വേണ്ട.

സിനിമയിലെ പൊലീസ് വാഹനങ്ങൾ
സ്ക്രീനിൽ നാം കാണുന്ന പൊലീസ് വാഹനങ്ങൾ സിനിമയ്ക്കു വേണ്ടി വാഹനങ്ങൾ സപ്ളൈ ചെയ്യുന്നവരുടെ കൈവശം ഉള്ളവയാണ്‌. ഇവ ഷൂട്ടിങ്ങിൽ അല്ലാത്ത സമയം ഓടുന്നതു പോലും പൊലീസ് ലിവെറി മറച്ചതിനു ശേഷമായിരിക്കും. അല്ലാത്തപക്ഷം പിടിക്കപ്പെട്ടാൽ അത് ആൾമാറാട്ടം പോലെ ഗുരുതരമായ കുറ്റമാണെന്നും കൂടി അറിയുക.
ആംബുലൻസ് ലിവെറിനമ്മുടെ നാട്ടിൽ ആംബുലൻസിന്‌ അതാത് ആശുപത്രികളുടെയോ ആംബുലൻസ് ഓപ്പറേറ്റർ കമ്പനിയുടെയോ ലിവെറി ഉണ്ടാകാറുണ്ട്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന നിറങ്ങളും ലൈറ്റുകളും ആംബുലൻസിലുണ്ടാവണം എന്നത് നിയമപരമായ നിർദ്ദേശം തന്നെയാണ്‌. അത്തരം വാഹനങ്ങളിൽ പോലും ഫ്ളാഷിങ്ങ് ലൈറ്റുകളല്ലാതെ ഹെഡ്‌ലൈറ്റിന്റെ നിരപ്പിനു മുകളിൽ മറ്റ് ഓക്സിലറി ലാമ്പുകൾ അനുവദനീയമല്ല എന്ന കാര്യവും മനസ്സിലാക്കുക.
കസ്റ്റം ലിവെറി ആർസി ബുക്കിൽ രേഖപ്പെടുത്താനാവുമോ?

നിയമം അനുശാസിക്കുന്ന തരത്തിലുള്ള ലിവെറി/ഗ്രാഫിക്സ് തുടങ്ങിയവ നിശ്ചിത ഫോമിൽ അപേക്ഷ വെച്ച് ഫീസ് അടച്ചാൽ നിയമവിധേയമാക്കാം. ഇതിനായി നിങ്ങളുടെ ലോക്കൽ ആർടിഓഫീസുമായി ബന്ധപ്പെട്ടാൽ മതിയാകും.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel