പൊലീസിനെ നാടിനെതിരായ സേനയായി വരുത്തിത്തീര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നു: മുഖ്യമന്ത്രി

പൊലീസിനെ നാടിന് എതിരായ സേനയായി വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം കാര്യങ്ങൾ മറച്ച് വയ്ക്കാൻ ശ്രമിക്കുന്നു. ദുരന്തങ്ങളിൽ പൊലീസ് ജനകീയ സേനയായി മാറിയത് നാടിന് നേട്ടമായിരുന്നു. പ്രളയത്തിൽ സഹജീവികളെ രക്ഷിക്കാനും ഭക്ഷണം ഉൾപ്പെടെ അവർ എത്തിച്ചു. മഹാമാരി കാലത്തെ ഇ‍വരുടെ പ്രവർത്തനം മറക്കാനാകുമോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.

പി‍ഴ ഈടാക്കുന്നതിനെ മഹാ അപരാധമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായിരുന്ന 11 പേർ ഇപ്പോൾ നമ്മോടൊപ്പമില്ല. മനോവീര്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മനോവീര്യം തകരരുത് എന്ന് അവരോട് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെളിയില്ല എന്ന് കരുതിയ ഒരുപാട് കേസുകൾ അവർ തെളിയിച്ചു.നാട്ടിൽ നിയമവാഴ്ച തുടരുന്നത് ആഗ്രഹിക്കാത്ത ചിലരുണ്ട്. അവരാണ് പൊലീസിന്റെ മനോവീര്യം തകർക്കാനായി ശ്രമിക്കുന്നത്. പൊലീസിനെതിരെ നിറം പിടിപ്പിച്ച ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു. ആദിവാസി വിഭാഗത്തിൽ നിന്നും 200 പേരെ പൊലീസിൽ എടുത്തു. തീവ്രവാദികളും വർഗീയ വാദികളും പൊലീസിനെതിരെ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

എൻ. ഷംസുദ്ദീന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി:

ആഗസ്റ്റ് 3 ന് പാലക്കാട് ഷോളയൂർ വട്ടലക്കി ഊരിൽ കുറുന്താചലം എന്നയാളുടെ പറമ്പിൽ സമീപവാസിയായ മുരുകന്റെ ഭാര്യ രാജാമണി പശുവിനെ മേയ്ച്ചത് കുറുന്താചലം ചോദ്യം  ചെയ്തു. തുടർന്ന്  ഉച്ചക്ക് 2.30 മണിക്ക് ചൊറിയ മൂപ്പനും മകനായ മുരുകനും ചേർന്ന് കുറുന്താചലത്തിനെ ദേഹോപദ്രവമേൽപ്പിച്ചു.

സംഭവത്തിൽ കുറുന്താചലത്തിന്റെ വലതു കൈയ്യിലെ ചെറുവിരലിന് പൊട്ടലും തലയ്ക്ക് പരിക്കുമേറ്റു. തുടർന്ന് കുറുന്താചലം ആശുപത്രിയിൽ ചികിത്സ തേടി. ഇക്കാര്യത്തിന് കുറുന്താചലത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ  മുരുകൻ, ചൊറിയമൂപ്പൻ, മുരുകന്റെ ഭാര്യ രാജാമണി എന്നിവർക്കെതിരെ ആഗസ്റ്റ് 6 ന് കേസ്സെടുത്തു. IPC 341, 326, 294(b), 34 എന്നീ വകുപ്പുകൾ പ്രകാരം ക്രൈം. 55/2021 ആയി ഷോളയൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരുന്നത്.

പരാതിക്കാരനായ കുറുന്താചലത്തിന്റെ പറമ്പിൽ പശുവിനെ മേയ്ച്ചു എന്ന കാര്യത്തിൽ കേസിലെ മൂന്നാം പ്രതിയും മുരുകന്റെ ഭാര്യയുമായ രാജാമണി എന്ന സ്ത്രീയെ കുറുന്താചലം കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മൊഴി രാജാമണി യുടെതായിട്ടുണ്ടായിരുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിൽ 06.08.2021 ൽ IPC 506(i), 324 വകുപ്പുകൾ പ്രകാരം ക്രൈം.56/21 ആയി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ രാജാമണി ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മുരുകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാൾ സ്റ്റേഷനിൽ ഹാജരായില്ല. തുടർന്ന്കുറുന്താചലത്തിനെ പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഷോളയൂർ പോലീസ് ഇൻസ്‌പെക്ടറും സംഘവും ആഗസ്റ്റ് 8-ാം തീയതി രാവിലെ വട്ടലക്കി ഊരിലെത്തി. പ്രതികളായ മുരുകനെയും ചൊറിയമൂപ്പനെയും ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വിസമ്മതിച്ചു. തുടർന്ന് ഇവർ പരിസരവാസികളെ വിളിച്ചുകൂട്ടി മുരുകനെയും ചൊറിയമൂപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നത് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസുകാർക്ക് പരിക്കേൽക്കുകയുണ്ടായി. തുടർന്ന് പോലീസ് ഒന്നും രണ്ടും പ്രതികളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് നടപടികൾ പൂർത്തിയാക്കി. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പോലീസിന്റെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട്  വട്ടലക്കി ഊരുനിവാസികളായ എട്ട് പേർക്കെതിരെ IPC 225, 332, 353, 34 വകുപ്പുകൾ പ്രകാരം ഷോളയൂർ പോലീസ് സ്റ്റേഷനിൽ ക്രൈം.57/2021 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

പോലീസ് റിപ്പോർട്ട് പ്രകാരം കുറുന്താചലം എന്നയാളെ പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ മുരുകൻ, ചൊറിയമൂപ്പൻ എന്നിവരെ അറസ്റ്റ് ചെയ്യാനത്തിയ പോലീസുദ്യോഗസ്ഥരെ  ദേഹോപദ്രവമേൽപ്പിക്കുകയും കൃത്യനിർവ്വഹണം തടസപ്പെ ടുത്താൻ ശ്രമിക്കുകയുമാണ് ഉണ്ടായത്.  
ഊരുമൂപ്പനായ ചൊറിയ മൂപ്പൻ, ഊര് നിവാസിയായ കുറുന്താചലം എന്നിവർ തമ്മിലുള്ള കുടുംബകലഹമാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പട്ടികവർഗ്ഗ വികസന പ്രോജക്ട് ഓഫീസറുടെ റിപ്പോർട്ടിലും കാണുന്നത്.

ഷോളയൂർ പോലീസ് സ്റ്റേഷൻ ക്രൈം.55/21 ലെ പ്രതികളായ മുരുകനെയും ചൊറിയമൂപ്പനെയും അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് മുരുകന്റെ മകൻ കോട്ടാത്തല ഗവൺമെന്റ് താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയതായി അറിവായിട്ടുണ്ട്. കുട്ടിയുടെ മൊഴി 09.08.2021 ൽ രേഖപ്പെടുത്തി  പ്രാഥമിക അന്വേഷണം നടത്തിവരുന്നു.കുറ്റകൃത്യം നടന്നതായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിക്കാൻ പോലീസ് ഊരിലേക്ക് പോവുകയാണ് ഉണ്ടായത്. ക്രമസമാധാനം നിലനിർത്തുവാനും നിമയമവാഴ്ച പുലർത്തുന്നതിനും പോലീസ് സ്വീകരിച്ച സ്വാഭാവിക നടപടിയായാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്.

(രണ്ടാം ഭാഗം)

കേരളാ പോലീസ് ഒരു ജനകീയസേനയെ പോലെ പ്രവർത്തിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ. കേരളത്തിലെ ജനങ്ങൾ അനുഭവിച്ച എല്ലാ ദുരന്തങ്ങളിലും അവരെ സംരക്ഷിക്കുന്നതിന് പോലീസ് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.  പ്രളയത്തിൽ മുങ്ങിയ കേരളത്തെ സംരക്ഷിക്കുന്നതിന് പോലീസ് വഹിച്ച സേവനം ആർക്കും നിഷേധിക്കാവുന്നതല്ല. ജനങ്ങളെ രക്ഷപ്പെടുത്താൻ അവർക്ക് ആവശ്യമായ ഭക്ഷണം നൽകാൻ, മരുന്ന് എത്തിക്കാൻ തുടങ്ങി എല്ലാ ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പോലീസ് എന്ന് മറക്കാൻ പാടില്ല.  സ്വന്തം വീട് പ്രളയത്തിൽ മുങ്ങിയപ്പോഴും കർത്തവ്യത്തിൽ ഉറച്ചുനിന്ന് സഹജീവികളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ അവർ മുഴുകി.

കോവിഡ് മഹാമാരി പ്രതിരോധത്തിൽ പോലീസ്‌സേനയുടെ പങ്ക് ഇന്നും തുടരുകയാണ്.   കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി മുഴുകിയ പതിനൊന്ന് പോലീസുകാർ ഇന്ന് നമുക്കൊപ്പമില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 17645  പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ  217 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി.

ഒന്നര വർഷക്കാലത്തെ നിതാന്ത ജാഗ്രതയോടുകൂടി കേരള ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടി പോലീസിന്റെ ഇടപെടലിൽ അവർ സഹിച്ച ത്യാഗം കൂടിയാണ് ഇത് ഓർമ്മപ്പെടുത്തുന്നത്. ഇത്തരത്തിൽ കേരള ജനയതെ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ട സംവിധാനത്തിനെതിരെയാണ് ഇത്തരം പ്രചാരവേലകൾ സംഘടിപ്പിക്കുന്നതെന്ന് നാം വിസ്മരിക്കരുത്. വിമർശനം നല്ലതുതന്നെ, എന്നാൽ അത് യാഥാർത്ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുമാവരുത്.  

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതിലും പോലീസിന് വലിയ പങ്കുണ്ട്. പൊതുസമൂഹത്തിന്റെ പങ്കിനൊപ്പം പോലീസിന്റെ പങ്കും ഇത്തരം കാര്യങ്ങളിൽ വിസ്മരിക്കാനാവില്ല. വാട്‌സാപ്പ് ഹർത്താലുപോലുള്ളവ സംഘടിപ്പിച്ച് നവമാധ്യമങ്ങൾ ഉപയോഗിച്ചുപോലും സംഘർഷത്തിന് ശ്രമിച്ചവരുണ്ട്.  അതിന്റെ ഉറവിടം പോലും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ട്.  

പുതിയ കാലത്ത് രൂപപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾവരെ ശരിയായ രീതിയിൽ കണ്ടെത്തി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കരുത്. തെളിയില്ലെന്നു കണക്കാക്കിയ നിരവധി കേസുകൾ തെളിയിച്ച ചരിത്രവും ഇപ്പോഴത്തെ പോലീസിനുണ്ട്. സിബിഐക്ക് വിട്ട ജലജാസുരൻ കേസ് തെളിയിച്ചതും ഇതിന്റെ ഭാഗമാണ്.

നിയമവാഴ്ച സംരക്ഷിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്താനുമാണ് പോലീസ് നിലകൊള്ളുന്നത്. അതോടൊപ്പം ജനങ്ങളുടെ എല്ലാ പ്രയാസങ്ങളിലും അവരുടെ കണ്ണീരൊപ്പാൻ നിലകൊണ്ട സംവിധാനമായി പോലീസിനെ മാറ്റിയെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. നാട്ടിൽ നിയമവാഴ്ച തുടരുന്നതിന് താൽപ്പര്യമില്ലാത്ത വിഭാഗങ്ങൾ പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്.  തീവ്രവാദികളും വർഗ്ഗീയ ശക്തികളും അരാജകവാദികളും ഈ പ്രവർത്തനത്തിൽ ബോധപൂർവ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പോലീസിനെതിരെ ഇല്ലാത്ത വാർത്തകൾ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ട്.

പോലീസ് സംവിധാനത്തെ നീതിയുക്തമായി പ്രവർത്തിക്കുന്ന സേനയാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്.  ആദിവാസി ജനവിഭാഗങ്ങളെക്കൂടി ഉൾപ്പടുത്തി ആദിവാസി സൗഹാർദപരമായി പോലീസ് സംവിധാനത്തെ കൊണ്ടുപോകാനും സംസ്ഥാന സർക്കാർ ഇടപെട്ടിട്ടുണ്ട്.

ആദിവാസി ജനവിഭാഗങ്ങളിലെതന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാഗ്ന ഗോത്രത്തിൽ നിന്ന് 200 പേരെ പോലീസിൽ പ്രത്യേക നിയമനം നടത്തിയത് ഈ സർക്കാരാണ്. അന്താരാഷ്ട്ര ആദിവാസി ഗോത്ര ദിനത്തിൽ രണ്ട് പദ്ധതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സൈസ് ഗാർഡ് തസ്തികയിൽ പട്ടികജാതി വിഭാഗങ്ങൾക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം 25 പട്ടികവർഗ്ഗ യുവാക്കൾക്ക്  എക്‌സൈസ് ഗാർഡായി നിയമനം നൽകിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതാണ്. 200 പേരെ കൂടി ഇത്തരത്തിൽ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.  

പട്ടികവർഗ്ഗ വിഭാഗം കൂടുതലുള്ള അട്ടപ്പാടി മേഖലയിൽ ചെറുധാന്യ ഫാക്ടറി ഡിസംബറോടെ ആരംഭിക്കും. പുട്ടുപൊടി, രാഗിമാൾട്ട്, എനർജി ഡ്രിങ്ക് ഉൾപ്പെടെ വിപണിയിലെത്തിക്കും.  കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും ഉൽപ്പന്നങ്ങൾക്ക്  മികച്ച വിലയും ഉറപ്പാക്കുന്നതിനുള്ള നടപടിയും സർക്കാർ സ്വീകരിക്കുന്നുണ്ട്.  

ആദിവാസികൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങൾ തടയുവാനും അവർക്ക് നിയമപരായ പരിരക്ഷ ലഭിക്കുവാനും സുസജ്ജമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.  ഈ വിഭാഗത്തിൽ പെടുന്നവരുടെ പരാതികൾ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി ആവശ്യമെങ്കിൽ ഉടനെതന്നെ കേസുകൾ രജിസ്ട്രർ ചെയ്യുവാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം അവർക്കുള്ള പരിരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ ഊരുകൾ കേന്ദ്രീകരിച്ച് നൽകി വരുന്നു. ജില്ലാ പോലീസ് മേധാവികളുടെ അദ്ധ്യക്ഷതയിൽ അതത് ജില്ലകളിൽ മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടേയും ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടേയും യോഗം വിളിച്ച് കേസുകളെ സംബന്ധിച്ച് അവലോകനം നടത്തി വരുന്നുണ്ട്. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here