ADVERTISEMENT
ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ജനപ്രതിനിധികൾ പ്രതികളായ കേസുകളുടെ വിവരങ്ങൾ കൈമാറാനും ഹൈക്കോടതി റജിസ്ട്രാർമാർക്ക് നിർദേശം നൽകി. അതേ സമയം, സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ട് 48 മണിക്കൂറിനകം സ്ഥാനാർത്ഥികൾ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജിയിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. 2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണമെന്നും ഹൈക്കോടതി അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്നുമാണ് സുപ്രീംകോടതി നിർദേശം.
അതേ സമയം ജനപ്രതിനിധികൾ പ്രതികളായ കേസുകളുടെ വിവരങ്ങൾ കൈമാറാനും നിർദേശം നൽകി.പരിഗണനയിലുള്ള കേസുകൾ, തീർപ്പാക്കിയവ, ജഡ്ജിമാരുടെ പേരുകൾ എന്നിവ കൈമാറാനാണ് ഹൈക്കോടതി റജിസ്ട്രാർമാർക്ക് നിർദേശം നൽകിയത്. ഇതിന് പുറമേ
സിബിഐ കോടതികൾ, പ്രത്യേക കോടതികൾ എന്നിവയിലെ ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാകും വരെ സർവീസിൽ തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതോടൊപ്പം സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ട് 48 മണിക്കൂറിനകം സ്ഥാനാർത്ഥികൾ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. സ്ഥാനാർഥികളെ നിശ്ചയിച്ച് 48 മണിക്കൂറിനകമോ അല്ലെങ്കിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ആദ്യ തിയതി മുതൽ രണ്ടാഴ്ചക്കുള്ളിലോ സ്ഥാനാ൪ത്ഥികളുടെ ക്രിമിനൽ പശ്ചാത്തല വിവരങ്ങൾ പ്രസിദ്ധീകരിക്കണം എന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.