ജാമ്യം വേണം: പിഴയൊടുക്കാമെന്ന് കോടതിയില്‍ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

വാഹനത്തിൽ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങൾക്കും പിഴയൊടുക്കാൻ ഒരുക്കമാണെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് സഹോദരങ്ങളായ എബിൻ, ലിബിൻ എന്നിവർ ഇക്കാര്യം അറിയിച്ചത്.

ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ കേസെടുത്തത്. പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒമ്പത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി 341, അതിക്രമിച്ചുകയറിയതിന് ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി 448 എന്നീ വകുപ്പുകൾ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പൊലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

വാൻലൈഫ് എന്ന പേരിൽ വാനിൽ യാത്രകൾ നടത്തുന്ന സഹോദരങ്ങൾ ഉപയോഗിക്കുന്ന ‘നെപ്പോളിയൻ’ വാഹനം നിയമലംഘനത്തിന്റെ പേരിൽ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനെന്ന പേരിൽ തിങ്കളാഴ്ച രാവിലെ എത്തിയ ഇവർ ആർ.ടി.ഒ. കൺട്രോൾ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കലാപ ആഹ്വാനവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയ യൂസേഴ്സ് രംഗത്തെത്തിയിരുന്നു.

ഓഫീസ് പരിസരത്ത് മനപൂർവ്വം സംഘർഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവർ വാഹനത്തിൽ അറ്റകുറ്റപണികൾ നടത്തിയതെന്നും ആർ.ടി.ഒ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനൊപ്പം ആർ.ടി ഓഫീസ് പ്രവർത്തനവും തടസപ്പെടുത്തിയതോടെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here