ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് ഓഫീസിലെത്തിയ ഇവര്‍ ബഹളംവെച്ച് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ജാമ്യം തേടി യൂട്യൂബര്‍മാരായ എബിനും ലിബിനും കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം ഇവരെ പൊലീസ് മര്‍ദിച്ചതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചുമലിലും കൈകള്‍ക്കും പരിക്കേറ്റതായും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആര്‍.ടി.ഒയും പൊലീസും പ്രവര്‍ത്തിച്ചതെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

ആര്‍.ടി ഓഫിസ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഓണ്‍ലൈനായി മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News