ADVERTISEMENT
ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യ,പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടന്നത്.
ഓഗസ്റ്റ് 16 മുതൽ പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രീ സ്കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടപ്പാക്കാൻ ക്രമീകരണം ഏർപ്പെടുത്തും.
സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തും. കെട്ടിടങ്ങളെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കാകും ഊന്നൽ. ഫർണിച്ചറുകൾ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് രൂപം നൽകും. സ്കൂളുകളിൽ സൗരോർജം പ്രയോജനപ്പെടുത്തുന്നതിന് മുൻഗണന നൽകും.
അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷനലിസം വർദ്ധിപ്പിക്കും. പ്രീ പ്രൈമറി രംഗത്ത് ക്‌ളസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും . ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പാക്കും. ഗണിതപഠനം ‘മഞ്ചാടി’ ശാസ്ത്രപഠനം ‘മഴവില്ല്’ പദ്ധതികൾ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും.
കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്കൂളിനെ മാറ്റിയെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.