‘മുസ്ലിം മത വിശ്വാസികളെ കൊന്നു തള്ളും’ വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ച ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്തു

കർഷക സമരം നടക്കുന്ന ജന്ദർ മന്തർ സമര വേദിയ്ക്ക് സമീപം വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ച ഹിന്ദുത്വവാദ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി നേതാവ് അശ്വിനി ഉപദ്യായ് ഉൾപ്പടെയുള്ള 6 പേരെയാണ് ദില്ലി പൊലിസ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ മുസ്ലിം മത വിശ്വാസികളെ കൊന്നു തള്ളുമെന്നും, ജയ് ശ്രീറാം വിളിക്കുന്നവരെ മാത്രമേ ജീവിക്കാൻ അനുവദിക്കൂ തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ച പ്രവർത്തകരെയാണ് പൊലിസ് അറസ്റ് ചെയ്തത്. ഇവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ആനി രാജ, ശബ്നം ഹാഷ്മി തുടങ്ങിയവർ സമർപ്പിച്ച പരാതിക്ക് പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞ ഞായറാഴ്ചയാണ് കർഷക സമരം നടക്കുന്ന ജന്ദർ മന്തരിലെ വേദിയ്ക്ക് പുറത്ത് നൂറോളം ഹിന്ദുത്വവാദി പ്രവർത്തകർ വർഗീയ കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. രാജ്യത്തെ മുസൽമാന്മാരെ കൊന്ന് തള്ളുമെന്നും, ജയ് ശ്രീറാം വിളിക്കാത്തവരെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും ഉൾപ്പടെയുള്ള വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ചു.

പൊലീസുകാരെ നോക്കുത്തികളാക്കിയുള്ള ഹിന്ദുത്വ വർഗീയവാദികളുടെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് ആനി രാജയും, സാമൂഹ്യപ്രവർത്തക ശബ്നം ഹാഷ്മിയും കഴിഞ്ഞ ദിവസം ദില്ലി പൊലീസിന് പരാതി നൽകിയിരുന്നു.

ഇവർക്കതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153ആം വകുപ്പ് പ്രകാരവും 295A വകുപ്പ് പ്രകാരവും കേസ് എടുക്കണമെന്ന് ആനി രാജ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്,ദില്ലി പൊലിസ് സംഭവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തത്.

ബിജെപി നേതാവായ അശ്വിനി ഉപാധ്യായ്, വിനോദ് ശർമ, പ്രീത് സിംഗ് തുടങ്ങിയവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ മതേതര സ്വഭാവത്തെ തകർക്കുന്ന വർഗീയവാദികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ദില്ലി പൊലിസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here