ട്രാഫിക് നിയമ ലംഘനം: പല തവണകളായി 4800 രൂപ പിഴ, ബൈക്ക് കത്തിച്ച് യുവാവിന്റെ വിചിത്ര പ്രതിഷേധം

ഗതാഗത നിയമ ലംഘനത്തിന്​ തുടർച്ചയായി ​പൊലീസ്​ 4800 രൂപ പിഴ ഈടാക്കിയതിൽ വിചിത്ര പ്രതിഷേധവുമായി​ യുവാവ് ​. ബൈക്ക്​ കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. തെലങ്കാനയിലെ വികരാബാദ്​ ജില്ലയിലാണ്​ സംഭവം.

ക്വാറി തൊഴിലാളിയായ തളരി സങ്കപ്പയാണ്​ പല തവണകളായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതിൽ കുപിതനായി ബൈക്ക് കത്തിച്ചത്​. 12 തവണയാണ് യുവാവിന് പിഴ അടയ്ക്കാൻ ചെല്ലാൻ ലഭിച്ചത്. ഹെൽമറ്റ്​ ഇല്ലാതെ ബൈക്കോടിച്ച്, അനുമതിയില്ലാത്തിടത്ത് പാർക്ക് ചെയ്തു, ലോക്ക്ഡൗൺ ചട്ടം ലംഘിച്ചു എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കാണ് യുവാവിന് പിഴ ചുമത്തിയത്.

പലതവണ പൊലീസ്​ പരിശോധനയിൽ പിടിയിലായപ്പോഴാണ്​ സങ്കപ്പക്ക്​ ഇത്രയധികം തുക പിഴ വന്നത്​. ഇതിൽ പലതും അടച്ചിരുന്നില്ല. 2019 ഓഗസ്റ്റിലെ ഫൈനാണ് ഒടുക്കാനുള്ള ഏറ്റവും പഴയത്. ഏറ്റവും അവസാനമായി ഫൈൻ ലഭിച്ചത് ജൂലൈ 11നും.

കഴിഞ്ഞ ദിവസം പെഡ്​ഡമുൽ ഗ്രാമത്തിൽനിന്ന് തന്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ സങ്കപ്പയെ പൊലീസ് വീണ്ടും പിടികൂടി. തുടർന്ന് ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവൻ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാൻ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞു. ഇതോടെ സങ്കപ്പ ബൈക്കുമായി അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ബൈക്ക്​ കർഷക സഹകരണ സംഘം ഓഫീസിൻറെ പിന്നി​ൽ നിർത്തിയശേഷം പെട്രോൾ ഒഴിച്ച്​ കത്തിക്കുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോൾ നിരന്തരം പിഴ ഈടാക്കുന്നതിൽ കുപിതനായാണ് താൻ ഇത് ചെയ്തതെന്ന്​ യുവാവ് പറയുകയും ചെയ്​തു. മദ്യ ലഹരിയിലായിരുന്നു യുവാവ് ബൈക്കിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News