“മെസി” ട്രെയിലര്‍ പുറത്തുവിട്ട് പി.എസ്.ജി: പി.എസ്.ജിയിൽ മെസി നമ്പര്‍ 30 കുപ്പായത്തില്‍

സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് കൂടുമാറി പാരിസ് സെന്റ് ജർമ്മനിലെത്തിയ മെസിക്ക് ഉജ്ജ്വല വരവേൽപ്പ്. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജിൽ ഗംഭീരമായ ട്രെയിലർ തന്നെ പി.എസ്.ജി റിലീസ് ചെയ്തു.

30-ാം നമ്പർ ജഴ്സി ആയിരിക്കും താരം അണിയുക എന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. ‘പാരിസിൽ പുതിയ രത്നം’ എന്നാണ് മെസിയെ വിശേഷിപ്പിച്ചത്.

ബാഴ്സലോണക്കും അർജന്റീനക്കുമായി 10-ാം നമ്പർ ജേഴ്സിയിൽ തിളങ്ങിയിട്ടുള്ള ലയണൽ മെസി പി.എസ്.ജിയിലെത്തുമ്പോൾ ജേഴ്സി നമ്പർ എത്രയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. എന്നാൽ പി.എസ്.ജിയിൽ നെയ്മറാണ് പത്താം നമ്പർ ജഴ്സി അണിയുന്നത്.

പത്താം നമ്പർ ജേഴ്സി മെസ്സിക്ക് നൽകാൻ നെയ്മർ തയാറായിരുന്നുവെന്നും എന്നാൽ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്.

ബാഴ്സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോൾ മെസിയുടെ ജേഴ്സി നമ്പർ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പി.എസ്.ജിയിൽ 30 എന്ന സംഖ്യ തിരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ട്.ചൊവ്വാഴ്ച ഉച്ചയോടെയാണ് ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻറ് ജർമനിൽ(പിഎസ്‌ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനൾക്കായി പാരീസിലെത്തിയത്.

പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേൽക്കാനായി വൻ ആരാധക സംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തിൽ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷർട്ട് ധരിച്ച് ആരാധകർക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

മെസിയും പി.എസ്‌.ജിയും തമ്മിൽ കരാർ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ ക്വിപ്പെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു വർഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണിൽ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വർഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024 വരെ നീട്ടാനും ധാരണയായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News