സാങ്കേതിക സര്‍വ്വകലാശാല: ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിന് വന്‍ സ്വീകാര്യത

സാങ്കേതിക സര്‍വകലാശാലയിലെ ബി ടെക് ഫലം പ്രസിദ്ധീകരിച്ചതിന്റെ നാലാം ദിവസമാണ് മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ നീരജ് നായര്‍ക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഒരു അഭിമുഖത്തിന് ഹാജരാകേണ്ടിയിരുന്നത്. ഉയര്‍ന്ന മാര്‍ക്കോടെ ബി ടെക് ജയിച്ചെങ്കിലും നീരജിന്റെ അടുത്ത കടമ്പ രണ്ടു ദിവസങ്ങള്‍ക്കകം സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്നതായിരുന്നു. കാരണം ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അഭിമുഖത്തിന് പങ്കെടുക്കുവാനാകൂ. സര്‍വകലാശാലയുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും വേഗം യാത്ര തിരിക്കുവാനായിരുന്നു നിര്‍ദ്ദേശം.

ഉത്തര്‍പ്രദേശില്‍ എത്തുന്നതിനു മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് കഴിയുമെന്ന യൂണിവേഴ്‌സിറ്റിയുടെ ഉറപ്പിന്മേലാണ് നീരജ് യാത്രതിരിച്ചത്. പ്രയാഗ് രാജില്‍ എത്തുന്നതിനു മുന്‍പ് തന്നെ നീരജിന്റെ വ്യക്തിഗത പോര്‍ട്ടലില്‍ ഡിജിറ്റലായി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും എത്തിയിരുന്നു. പരീക്ഷ കോണ്‍ട്രോളറുടെ ഡിജിറ്റല്‍ ഒപ്പോടു കൂടി ഡൗണ്‍ലോഡ് ചെയ്യാവുന്ന സര്‍വ്വകലാശാലയുടെ പുതിയ സര്‍ട്ടിഫിക്കറ്റ് വിതരണ സംവിധാനത്തിന് നന്ദി പറയുകയാണ് നീരജിനെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍.

തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത പോര്‍ട്ടലില്‍ ഈ സൗകര്യം ലഭ്യമാക്കിയതിന് ശേഷം ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മിനിറ്റുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി അപേക്ഷിച്ചത്.

‘സമയപരിധിക്ക് മുമ്പ് ചില ജോലികള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞത് സര്‍ട്ടിഫിക്കറ്റ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ്. ഇ – സര്‍ട്ടിഫിക്കറ്റ് സൗകര്യം ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ അത് സാധ്യമാകില്ലായിരുന്നു.’ തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി അനുശ്രീ സുനില്‍ അഭിപ്രായപ്പെട്ടു.

ക്യാമ്പസ് പ്ലേസ്‌മെന്റ് നേടി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലിക്ക് പ്രവേശിക്കാനൊരുങ്ങുന്ന കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ ദേവികക്കും നിറഞ്ഞ സന്തോഷം. ‘ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സൂക്ഷ്മ പരിശോധനക്കായി സര്‍ട്ടിഫിക്കറ്റ് നല്കാമെന്നത് വലിയ ആശ്വാസമാണ്. സെപ്റ്റംബര്‍ വരെ സമയമുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് എത്രയും വേഗം കയ്യില്‍ കിട്ടിയതോടെ ടെന്‍ഷനില്ലാതെ ജോലിയില്‍ പ്രവേശിക്കാം,’ ദേവിക പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, കോളേജുകള്‍ക്കും ഈ സംവിധാനം ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് മോഡല്‍ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനു തോമസിന്റെ അഭിപ്രായം. ‘വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നതിനൊപ്പം കോളേജുകള്‍ക്ക് ഒരു വലിയ ജോലി ഭാരം ഒഴിവാകുന്നതും ഈ സംവിധാനത്തിന്റെ മേന്മയാണ്.

രാജ്യത്തെ ഇതര സാങ്കേതിക സര്‍വ്വകലാശാലകള്‍ക്ക് വളരെ മുന്‍പേ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ പ്ലേസ്‌മെന്റ് ലഭിച്ച സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ബാച്ചില്‍ തന്നെ വിവിധ കമ്പനികളില്‍ ജോലിയ്ക്ക് കയറാനാവും. ഒപ്പം, വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത പഠനത്തിന് അവസരം ലഭിച്ചവര്‍ക്കും ഈ മാസം തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം’, അദ്ദേഹം പറഞ്ഞു.

പുതിയ സംവിധാനത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിക്കാനും പിശകുകള്‍ ചൂണ്ടിക്കാണിക്കുവാനും കഴിയും. സുതാര്യതയോടെയും കാര്യക്ഷമതയോടെയും സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ഈ സൗകര്യം സര്‍വകലാശാലയെ സഹായിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ പറഞ്ഞു.

See also:

 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News