പള്ളിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കോടികള്‍ വെട്ടിച്ചു; കണക്കുകള്‍ പുറത്തുവിട്ട് പള്ളിക്കമ്മിറ്റി

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് ദേവാലയത്തിൽ നടത്തിയ കോടികളുടെ വെട്ടിപ്പ് പുറത്ത്. പെരുമ്പാവൂർ രായമംഗലം സ്വദേശിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഷിജോ വർഗീസിനെതിരെ പുല്ലുവഴി സെന്റ് തോമസ് പള്ളിക്കമ്മിറ്റി നോട്ടീസ് പുറത്തിറക്കിയാണ് നേതാവിന്റെ വൻ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത്.

2019 ജൂലൈ എട്ട് മുതൽ 2020 ഡിസംബർ 13 വരെയുള്ള കാലയളവിലെ കൈക്കാരനായിരുന്നു ഷിജോ. ഈ കാലത്ത് ഷിജോ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരിശോധിക്കാൻ 2020 ജനുവരി 24ന് ഇടവക പൊതുയോഗം തെരഞ്ഞെടുത്ത സമിതി ഒരു ചാർട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് പരിശോധിച്ച് റിപ്പോർട്ടും തയ്യാറാക്കി. ഈ റിപ്പോർട്ടാണ് ഇടവക സമിതിയംഗങ്ങൾ നോട്ടീസായി പുറത്തിറക്കിയത്.

കണക്കുകൾ പ്രകാരം 76,49,421 രൂപയാണ് ഷിജോ വർഗീസ് തിരിമറി നടത്തിയതെന്ന് നോട്ടീസിൽ പറയുന്നു. പള്ളി വാടകയ്ക്ക് നൽകിയ കെട്ടിടത്തിലെ സാധനങ്ങൾ ജപ്തി ചെയ്ത വകയിൽ 27 ലക്ഷം രൂപ വകയിരുത്തിയെന്നും പറയുന്നു.

ബാക്കി 47,37,371 രൂപയാണ് പള്ളിക്ക് ലഭിക്കാനുള്ളതെന്നാണ് വിശദീകരണം. എന്നാൽ കാണിക്കവഞ്ചിയുടെ കണക്കുകൾ കൃത്യമായി കണക്കാക്കാൻ ആകില്ലെന്നും അതിലും തിരിമറി നടന്നിട്ടുണ്ടെന്നും വിശ്വാസികൾ പറയുന്നു. ഇത് പ്രകാരം രണ്ടുകോടിയോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് വിശ്വാസികളുടെ വാദം. പള്ളിക്കമ്മിറ്റി നൽകിയ പരാതിയിന്മേൽ 406,420,425,465 ഐപിസി പ്രകാരം കുറുപ്പംപടി പൊലീസ് ഷിജോക്കെതിരെ കേസെടുത്തിട്ടുണ്ട്.

നേരത്തേ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം മുതൽ അഖിലേന്ത്യ നേതൃത്വം വരെയുള്ള നേതാക്കൾക്ക് പള്ളിക്കമ്മിറ്റി പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കാതെ തട്ടിപ്പ് നടത്തിയ ആളെ സംരക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നിയമ നടപടിയിലേക്ക് നീങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News