ചെർപ്പുളശേരി ഹിന്ദു ബാങ്ക് തട്ടിപ്പ്; ചെയർമാൻ സുരേഷ്‌ കൃഷ്‌ണ അറസ്റ്റില്‍

ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (എച്ച്ഡിബി) ന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്ക് ചെയർമാൻ അറസ്റ്റിൽ. ആർഎസ്‌എസ്‌ മുൻ ജില്ലാ ജാഗരൺ പ്രമുഖ്‌ ഇല്ലിക്കോട്ടുകുറുശി പതിനാറുപൊതിയിൽ സുരേഷ്‌ കൃഷ്ണയെ(45) ആണ്‌ ചെർപ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തത്‌. ഓഹരി ഉടമകളിൽനിന്നും പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്‌. ആറുലക്ഷം രൂപയോളം തട്ടിയെടുത്തെന്ന് മൂന്നു പേർ പരാതി നൽകിയിരുന്നു.

കേസെടുത്തതോടെ ഒളിവിൽപ്പോയ സുരേഷ്‌കൃഷ്ണയെ ചിറ്റൂർ പൊൽപ്പുള്ളി കൂളിമുട്ടത്ത്‌ നാട്ടുകാർ തടയുകയായിരുന്നു. ചിറ്റൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചെർപ്പുളശേരി പൊലീസ്‌ എത്തി കസ്റ്റഡിയിൽ എടുത്തു. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. നിക്ഷേപത്തട്ടിപ്പ്‌, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ്‌ ഇയാൾക്കെതിരെ ചുമത്തിയത്‌. സുരേഷ്‌കൃഷ്ണയെ കസ്റ്റഡിയിൽ ലഭിക്കാൻ ചെർപ്പുളശേരി പൊലീസ്‌ ഉടൻ കോടതിയിൽ അപേക്ഷ നൽകും.

സംഘപരിവാർ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (എച്ച്ഡിബി)ന്റെ പേരിൽ ലക്ഷങ്ങളാണ് നിക്ഷേപമായി പിരിച്ചത്‌. ഓഹരി ഉടമകളാക്കാമെന്ന വ്യാജേന 37 പേരിൽ നിന്നായി ഒരു ലക്ഷം വീതം പിരിച്ചെന്നും തട്ടിപ്പ്‌ നടന്നെന്നും സമ്മതിച്ച്‌ ബാങ്കിന്റെ ഡയറക്ടർമാരിൽ ഒരുവിഭാഗം വാർത്താ സമ്മേളനം നടത്തി. കൂടാതെ 200 ആളുകളിൽനിന്ന്‌ സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിൽ 2,500 രൂപ വീതം ആർഡി(റിക്കറിങ് ഡെപ്പോസിറ്റ്) എന്ന പേരിലും പിരിവ്‌ നടത്തി. ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ്‌ ബാങ്കിന്റെ ജീവനക്കാരാണ് വീടുകളിൽ നേരിട്ടെത്തി പണം പിരിച്ചത്.

കമ്പനി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്‌ത സ്ഥാപനം സ്വകാര്യ ബാങ്കെന്ന പേരിലാണ് പ്രവർത്തിച്ചത്. നിക്ഷേപകരിൽ നിന്നും വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെ തുടർന്ന്‌ ബാങ്ക് പൂട്ടിയതോടെയാണ്‌ പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയത്‌. കൂടുതൽ നിക്ഷേപകർ പണം ആവശ്യപ്പെട്ട്‌ പരാതിയുമായി രംഗത്തുവരുമെന്നാണ്‌ വിവരം.

ബാങ്കിന്റെ എല്ലാ ഡയറക്ടർമാരും ബിജെപി,- ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌. ആർഎസ്എസ്, -ബിജെപി നേതാക്കളുടെ അറിവോടെ നടന്ന തട്ടിപ്പിൽ അന്വേഷണത്തിന്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെ ബിജെപി ചുമതലപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News