വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല; പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി സര്‍ക്കാര്‍

വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ പുതിയ മാര്‍ഗ്ഗ നിർദേശങ്ങൾ. വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല. കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാനാണ് വാക്‌സിനേഷനായി സംസ്ഥാനതല മാർഗനിർദേശങ്ങൾ ഇറക്കിയത്.

തദ്ദേശ സ്ഥാപനങ്ങൾ വ‍ഴി കൊവിഡ് വാകിസിനേഷന്‍ രജിസ്റ്റർ ചെയ്യേണ്ടതെന്ന ആശയകു‍ഴപ്പം ഒ‍ഴിവാക്കാണ് പുതുക്കിയ മാര്‍ഗരേഖ ആരോഗ്യമന്ത്രി പുറപ്പെടുവിച്ചത്. വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്കും വാക്‌സിനേഷൻ നൽകാനുമാണ് മാർഗനിർദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിൻ യജ്ഞത്തിന്‍റെ ഭാഗമായി 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നൽകും. ഇവരെ വാർഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷൻ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തിൽ ഓൺലൈനായും നേരിട്ടുമുള്ള രജിസ്‌ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്.

വാക്‌സിന്‍റെ ലഭ്യത കുറവ് കാരണം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ സ്ലോട്ട് തെരഞ്ഞെടുക്കുമ്പോൾ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്‌സിനേഷൻ കേന്ദ്രം തന്നെ തെരഞ്ഞെടുക്കണം. കർശന വ്യവസ്ഥകളോടെയായിരിക്കും 50 ശതമാനമുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ സ്ലോട്ടുകളിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

വാർഡ് തലത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും വാക്‌സിൻ നൽകുക. കിടപ്പ് രോഗികൾക്ക് മൊബൈൽ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷൻ ചെയ്യാനറിയാത്തവർക്ക് ആശാവർക്കർമാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷൻ ഉറപ്പിക്കും. സംസ്ഥാനത്തിന് 8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയതായും ആരോഗ്യമന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here