കൂടുതൽ വേണ്ടതെല്ലാം കുറവും കുറവ് വേണ്ടതെല്ലാം കൂടുതലും കാണിച്ച അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ ആണ് കണ്ണിൽ നിറയെ: കൊവിഡ് അനുഭവങ്ങളുമായി ശ്രീനിത

കൂടുതൽ വേണ്ടതെല്ലാം കുറവും കുറവ് വേണ്ടതെല്ലാം കൂടുതലും കാണിച്ച അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ ആണ് കണ്ണിൽ നിറയെ: കൊവിഡ് അനുഭവങ്ങളുമായി ശ്രീനിത

ശാരീരികമായും മാനസികമായും തളർന്ന നാളുകളിലൂടെയാണ് കടന്നുപോയത് എന്ന്  കൊവിഡ് നാളുകളെക്കുറിച്ച് മാധ്യമപ്രവർത്തകയായ ശ്രീനിതകൃഷ്ണൻ. ശ്രീനിതക്കും കുടുംബങ്ങൾക്കെല്ലാവർക്കും കൊവിഡ് നാളുകളിലൂടെ ഒരുമിച്ച് കടന്നുപോകേണ്ടിവന്നു.പല ദിവസങ്ങളിലും ഭക്ഷണമെത്തിച്ച ബന്ധുക്കൾ, ആയുർവേദ മരുന്നുകൾ എത്തിച്ച സേവാഭാരതി പ്രവർത്തകർ, ഏതൊരാവശ്യത്തിനും ഒരു ഫോൺ വിളിക്കപ്പുറം നിന്ന് സഹായിച്ച DYFI യിലെ അനിയന്മാർ, തളർന്നപ്പോഴൊക്കെ മാനസികമായി ധൈര്യം തന്ന സുഹൃത്തുക്കൾ, പോസിറ്റീവ് ആയ ദിവസം പച്ചക്കറി കിറ്റ് എത്തിച്ച കോൺഗ്രസ്‌ പ്രവർത്തകർ, ഭക്ഷണം പാകം ചെയ്യാനാവാത്ത വിധം തളർന്നപ്പോൾ സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം കൊണ്ട് തന്ന സന്നദ്ധപ്രവർത്തകർ, നെഗറ്റീവ് ആയപ്പോൾ വീട്ടിൽ ഫോഗ് ചെയ്യാൻ ഏർപ്പാട് ചെയ്ത പഞ്ചായത്ത്‌ തുടങ്ങി എല്ലാവരോടും നന്ദി പറയുകകൂടിയാണ് കൈരളി ന്യൂസ് ഡെസ്കിൽ ബ്രോഡ്കാസ്റ്റ് ജേര്‍ ണലിസ്റ് ആയ ശ്രീനിത.

കൊവിഡ് അനുഭവം എത്രത്തോളം വാക്കുകളിൽ പകർത്താനാവും എന്നറിയില്ല. ശരീരികമായും മാനസികമായും തളർന്ന നാളുകളിലൂടെയാണ് കടന്നുപോയത്. എനിക്കൊപ്പം വീട്ടുകാരും പോസിറ്റീവ് ആയിരുന്നു. അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണ്ട് നിൽക്കുക എന്നതായിരുന്നു ഏറെ തളർത്തിയ ഒന്ന്. എല്ലാവരും ഹൈ റിസ്ക് കാറ്റഗറിയിൽ പെട്ടവർ. അച്ഛൻ 60 വയസിനു മുകളിലുള്ള… ശ്വാസകോശത്തിന് സർജറി കഴിഞ്ഞയാൾ, അമ്മ ഹൈ ഷുഗർ പേഷ്യന്റ്, ചേച്ചി മുലയൂട്ടുന്ന അമ്മ, കുഞ്ഞുവാവക്ക് 9 മാസം പ്രായം. എല്ലാവരും പോസിറ്റീവ്!

ടെസ്റ്റ്‌ ചെയ്യാൻ പോയപ്പോൾ എനിക്ക് നെഗറ്റീവ് ആവുമെന്ന് ഞാൻ 100% വിചാരിച്ചിരുന്നു. കാരണം കൊവിഡിന്റെതായ ഒരു ലക്ഷണവും എനിക്കുണ്ടായിരുന്നില്ല. റിസൾട്ട്‌ വന്നപ്പോ ഞെട്ടി. എങ്കിലും വേണ്ടത്ര ലക്ഷണങ്ങൾ ഉള്ള അവരെ ചിൽ ആക്കാൻ ഞാൻ പറഞ്ഞു,
“മ്മക്ക് എല്ലാർക്കും ഈ ദിവസങ്ങൾ ഉഷാറാക്കാ ന്നെ.. ഫുഡൊക്കെ ഞാൻ വെക്കാം.. എനിക്ക് ഒരു കുഴപ്പോം ഇല്ല. “

ആദ്യ ദിവസം അങ്ങനെ കടന്ന് പോയി. പക്ഷെ പിറ്റേ ദിവസം രാവിലെ ബെഡിൽ നിന്ന് എനിക്കൊന്ന് എഴുന്നേൽക്കാൻ പോലും പറ്റിയിരുന്നില്ല അത്രക്കും ശരീരവേദനയും തലവേദനയും. ശരീരം മുഴുവനും സൂചി കൊണ്ട് കുത്തിനിറച്ചത് പോലെ.. തലവേദന എടുത്തിട്ട് കണ്ണ് തുറക്കാനും അടക്കാനും പറ്റാത്ത അവസ്ഥ. പിന്നീടുള്ള ഓരോ ദിവസങ്ങളിൽ ഓരോ ലക്ഷണങ്ങൾ വരാൻ തുടങ്ങി. ആദ്യം മണം പോയി.. പിന്നാലെ രുചിയും. ഒക്സിജൻ ലെവലും ഹാർട് ബീറ്റും പലപ്പോഴും വലിയ രീതിയിൽ കുറഞ്ഞും കൂടിയും പേടിപ്പിച്ചു കൊണ്ടേ ഇരുന്നു. തൊണ്ട വേദന കൊണ്ട് ഭക്ഷണം ഇറക്കാൻ പറ്റുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ഒന്നുറങ്ങാൻ പോലും കഴിയാത്ത ദിവസങ്ങളിൽ ഞാൻ മരിച്ചു പോകുമോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. പതിയെ പതിയെ എന്റെ ലക്ഷണങ്ങൾ ഓരോന്നായി കുറഞ്ഞു. ഒടുവിൽ നെഗറ്റീവ് ആയി. എല്ലാവരും ഹാപ്പി .

പക്ഷെ പിന്നീടങ്ങോട്ടായിരുന്നു തീരെ പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ വന്നത്. പോസിറ്റീവ് ആയ സമയത്ത് എപ്പോഴും തലവേദന ആയിരുന്നു മെയിൻ. പക്ഷെ നെഗറ്റീവ് ആയപ്പോൾ ക്ഷീണവും അസുഖവും പ്രതീക്ഷിക്കാത്ത സമയങ്ങളിൽ നിത്യ സന്ദർശകനായ വിരുന്നുകാരനായി വന്ന് ഞെട്ടിച്ചു കൊണ്ടേയിരുന്നു. വീട്ടുകാർക്കും വയ്യാത്തതിനാൽ മിക്കവാറും ജോലികൾ തനിയെ ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഒന്നും നടന്നില്ല. എന്തെങ്കിലും ചെയ്ത് കുറച്ചു നേരം കഴിയുമ്പോഴേക്കും കിതക്കും ക്ഷീണം ആകും.. പിന്നേ എപ്പോഴും കിടപ്പ്..പോസ്റ്റ്‌ കോവിഡിന്റെ ഉലച്ചിലിൽ കയറാത്ത ആശുപത്രികൾ ഇല്ല.. കാണാത്ത ഡോക്ടർമാർ ഇല്ല..കോവിഡിന്റെ ഭീകര അനുഭവം വാക്കുകളിൽ ഒതുക്കാവുന്നതല്ല.

ഇതിനിടയിൽ രണ്ട് കൂട്ടരാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. ഒന്ന് ഞാനിവിടെ ഒരു അസുഖവും ഇല്ലാതെ സുഖിച്ചു ഇരിക്കുകയാണെന്ന് പറഞ്ഞ് നടന്നവർ.. രണ്ട് ഞങ്ങൾക്കെല്ലാം എന്തോ ഒരിക്കലും മാറാത്ത അതിഭീകര രോഗം ആണ് വന്നതെന്ന മനോഭാവത്തിൽ പെരുമാറിയവർ. രണ്ട് കൂട്ടരോടും ഒന്നും പറയാനില്ല.

നന്ദിയോടെ സ്മരിക്കുന്ന ഒരുപാട് പേരുണ്ട്.. പല ദിവസങ്ങളിലും ഭക്ഷണമെത്തിച്ച ബന്ധുക്കൾ, ആയുർവേദ മരുന്നുകൾ എത്തിച്ച സേവാഭാരതി പ്രവർത്തകർ, ഏതൊരാവശ്യത്തിനും ഒരു ഫോൺ വിളിക്കപ്പുറം നിന്ന് സഹായിച്ച DYFI യിലെ അനിയന്മാർ, തളർന്നപ്പോഴൊക്കെ മാനസികമായി ധൈര്യം തന്ന സുഹൃത്തുക്കൾ, പോസിറ്റീവ് ആയ ദിവസം പച്ചക്കറി കിറ്റ് എത്തിച്ച കോൺഗ്രസ്‌ പ്രവർത്തകർ, ഭക്ഷണം പാകം ചെയ്യാനാവാത്ത വിധം തളർന്നപ്പോൾ സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം കൊണ്ട് തന്ന സന്നദ്ധപ്രവർത്തകർ, നെഗറ്റീവ് ആയപ്പോൾ വീട്ടിൽ ഫോഗ് ചെയ്യാൻ ഏർപ്പാട് ചെയ്ത പഞ്ചായത്ത്‌.. അങ്ങനെ അങ്ങനെ എല്ലാവരോടും ഹൃദയത്തിൽ തൊട്ട സ്നേഹം..

ആഴ്ചകൾക്ക് ശേഷം ജോലിക്കായി തിരികെ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറാനൊരുങ്ങുമ്പോൾ മനസ്സിൽ ഇപ്പോഴും ആശങ്കയാണ്. വീട്ടിലാരും പൂർണ്ണമായി ഇതുവരെ ഓക്കേ ആയിട്ടില്ല. പ്രത്യേകിച്ച് അമ്മ. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ബ്ലഡ് കൗണ്ട് അങ്ങനെ അങ്ങനെ കൂടുതൽ വേണ്ടതെല്ലാം കുറവും കുറവ് വേണ്ടതെല്ലാം കൂടുതലും കാണിച്ച അമ്മയുടെ ടെസ്റ്റ്‌ റിസൾട്ട്‌ ആണ് കണ്ണിൽ നിറയെ.

എല്ലാവരോടും എപ്പോഴും ഒന്നേ പറയാനുള്ളൂ.. നമ്മളൊരു യുദ്ധമുഖത്താണ്. വീണ് പോവാൻ സാധ്യത ഉള്ള ഒരു യുദ്ധത്തിൽ. ഒരിക്കലും വീഴരുത്. വീണാൽ തന്നെ നമ്മൾ കാരണം മറ്റൊരാളും വീഴരുത്. അങ്ങനെ വീണാൽ എഴുന്നേൽക്കണം.. വീണ്ടും സർവ ശക്തിയുമെടുത്ത് മുന്നോട്ട് തന്നെ നടക്കണം.. ജാഗ്രതയോടെ അതിജീവിക്കണം.. നമുക്കതിന് കഴിയും

#Covid19/#Covid-19/#Coronavirus, #StayHomeStaySafe, #StayHome,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News