മുസ്ലീം യുവാവിനെ ആക്രമിച്ച് ”ജയ് ശ്രീറാം” വിളിപ്പിച്ച് ഹിന്ദുത്വ അക്രമികള്‍; ആക്രമണം മകളുടെ മുന്നില്‍ വെച്ച്

ഉത്തരേന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വീണ്ടും അക്രമണമുയര്‍ത്തി ഹിന്ദുത്വ അക്രമികള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മുസ്ലിം യുവാവിനെ തെരുവിലൂടെ നടത്തുകയും ആക്രമിക്കുകയും ”ജയ് ശ്രീറാം” മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുകയായിരുന്നു ഹിന്ദുത്വ അക്രമികള്‍. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ അക്രമികള്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പ്രദേശവാസികള്‍ പകര്‍ത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആക്രമണത്തിന് ഇരയായ 45 വയസ്സുള്ള വ്യക്തിയുടെ മകള്‍ അക്രമികളില്‍ നിന്നും പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസിന്റെ മുമ്പില്‍ വെച്ചും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുണ്ട്.

പ്രദേശത്തെ ഒരു കവലയില്‍ ഹിന്ദു സംഘടനായ ബജ്രംഗ് ദളിന്റെ യോഗം നടന്നിരുന്നു. യോഗം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെയാണ് മുസ്ലിം യുവാവിനെ ആക്രമിച്ചത്. പ്രദേശത്തെ മുസ്ലിങ്ങള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ബജ്രംഗ് ദള്‍ യോഗത്തില്‍ ആരോപിച്ചിരുന്നു. യോഗം കഴിഞ്ഞ ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിനിരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ ബാന്‍ഡ് നടത്തുന്ന പ്രദേശവാസിക്കും അയാളുടെ മകനും മറ്റ് അജ്ഞാതരായ 10 പേര്‍ക്കുമെതിരെ കലാപത്തിന് കേസെടുത്തതായി കാണ്‍പൂര്‍ പൊലീസ് പറഞ്ഞു. കേസില്‍ പ്രതികളായവര്‍ സംഘടനയുമായി ബന്ധമുള്ളവരാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ഉച്ചയ്ക്ക് 3 മണിയോടെ തന്റെ ഇ-റിക്ഷ ഓടിക്കുകയായിരുന്ന യുവാവിനെ പ്രതികള്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു. കുടുംബത്തിലുള്ളവരെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇ-റിക്ഷ ഡ്രൈവറായ യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രദേശത്തെ ഒരു മുസ്ലിം കുടുംബവും അവരുടെ ഹിന്ദുക്കളായ അയല്‍ക്കാരും തമ്മില്‍ വിരോധത്തിലായിരുന്നു. അക്രമത്തിന് ഇരയായ വ്യക്തി ഈ മുസ്ലിം കുടുംബത്തിന്റെ ബന്ധുവാണ്. രണ്ട് കുടുംബങ്ങളും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും കാണ്‍പൂര്‍ പൊലീസ് വെളിപ്പെടുത്തി.

ആക്രമണത്തിനും ഭീഷണിക്കുമെതിരെയാണ് മുസ്ലിം കുടുംബം ആദ്യം എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഹിന്ദു പക്ഷം കേസ് ഫയല്‍ ചെയ്തത്. അടുത്തകാലത്ത് ഈ വിഷയത്തില്‍ ബജ്റംഗ് ദള്‍ ഇടപെട്ടുവെന്നും മുസ്ലിം കുടുംബത്തിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News