സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; നിങ്ങളില്‍ കാല്‍സ്യം കുറവാണോ? എങ്കില്‍ കിട്ടുക എട്ടിന്റെ പണി

ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാല്‍സ്യം. സ്ത്രീകളിള്‍ പൊതുവേ കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കാറില്ല എന്നതാണ് സത്യാവസ്ഥ. ആഹാരത്തില്‍നിന്നും എളുപ്പം ലഭിക്കുന്ന കാല്‍സ്യം, വേണ്ട അളവില്‍ കഴിക്കുന്നില്ല എന്നതാണ് സത്യം. എല്ലിന്റെ ബലത്തിനും ദൃഢതയ്ക്കും പുറമെ മറ്റു പല സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍സ്യം ആവശ്യമാണ്.

രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിര്‍ത്തുക, രക്തം കട്ടപിടിക്കാന്‍ സഹായിക്കുക, രോഗപ്രതിരോധശക്തി ഉറപ്പാക്കുക, മസിലുകളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുക തുടങ്ങി പലതാണ് കാല്‍സ്യത്തിന്റെ ഉപയോഗം. ഓരോ ദിവസവും പ്രായമനുസരിച്ച് കാല്‍സ്യം കഴിക്കേണ്ടതാണ്.

3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിത്യേന 300 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്. 9 വയസ്സുവരെ 700 മില്ലിഗ്രാം. എന്നാല്‍ വളര്‍ച്ച ഏറ്റവും വേഗത്തിലാവുന്ന കൗമാരക്കാര്‍ക്ക് നിത്യേന 1300 മില്ലിഗ്രാം കാല്‍സ്യവും 19 വയസ്സുമുതല്‍ 50 വയസ്സുവരെ 1000 മില്ലിഗ്രാം കാല്‍സ്യവും ആവശ്യമാണ്. ബലമില്ലാത്ത എല്ലുകള്‍ എളുപ്പം പൊട്ടിപ്പോകുന്നു.

ഒന്നു വീണാലോ, ഒന്നു തട്ടിയാലോ എല്ലുകളില്‍ പൊട്ടലുണ്ടാവുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം കൂടുന്നു എന്നതാണ് സത്യം. ആവശ്യമായ കാല്‍സ്യം ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണിത്.

കൗമാരക്കാരായ പെണ്‍കുട്ടികളും അവരുടെ അമ്മമാരും പ്രത്യേകം ശ്രദ്ധിക്കുക. ഈ പെണ്‍കുട്ടികള്‍ ഭാവിയില്‍ അമ്മമാരാവുമ്പോള്‍ ഗര്‍ഭധാരണത്തിനും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യപ്രശ്നങ്ങളുണ്ടാവും. മാത്രമല്ല, 35 വയസ്സാവുമ്പോഴേക്കും എല്ലിന്റെ തേയ്മാനം തുടങ്ങുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here