പഞ്ചാബില്‍ ഒറ്റപ്പെട്ട് ബിജെപി; പാര്‍ട്ടി പ്രതിസന്ധിയിലായതിങ്ങനെ

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ പഞ്ചാബില്‍ ഒറ്റപ്പെട്ട് ബിജെപി. സഖ്യകക്ഷികളായ ശിരോമണി അകാലിദള്‍ ബിജെപി വിട്ടത്തോടെ പഞ്ചാബില്‍ ബിജെപി പ്രതിസന്ധിയിലായി. വിവാദ കാര്‍ഷിക നിയമത്തിനെതിരെ നടന്ന കര്‍ഷക പ്രക്ഷോഭം പഞ്ചാബില്‍ ശക്തമായതോടെ ബിജെപിയുടെ അധികാര പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

കാല്‍നൂറ്റാണ്ടിന് ശേഷമാണ് സഖ്യമൊന്നും ഇല്ലാതെ ബിജെപി പഞ്ചാബില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപി സഖ്യത്തിലേക്ക് ഒരു കക്ഷിയും വരാനും സാധ്യതയില്ല. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം പഞ്ചാബില്‍ ശക്തമായതോടെ ബിജെപി ഒറ്റപ്പെടുകയായിരുന്നു. ബിജെപിക്കെതിരെയുള്ള ജന വികാരവും ശക്തമായിട്ടുണ്ട്.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച മുന്‍ മന്ത്രി കൂടിയായ അനില്‍ ജോഷി എംഎല്‍എയെ ബിജെപി അടുത്ത 6 വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. സംസ്ഥാനത്ത് 35 വര്‍ഷമായുള്ള ബിജെപി മുഖമായിരുന്നു അനില്‍ ജോഷി. 117 സീറ്റിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ മുന്നില്‍ നിന്ന് ആര് നയിക്കും എന്ന് പോലും ഇതുവരെ നിശ്ചയിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

സിഖ് സമൂഹത്തില്‍നിന്നുള്ള ആരെയെങ്കിലും തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാന്‍ ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് നിലവില്‍ ബിജെപി. വിവാദ കര്‍ഷക നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബിജെപിയെ തള്ളി സഖ്യകക്ഷികളായ അകാലിദള്‍ പുറത്ത് പോയതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്.

അതേസമയം അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് ഉണ്ടെങ്കിലും സംസ്ഥാനത്തെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ദേശിയ നേതൃത്വത്തിനു വലിയ വെല്ലുവിളിയായി മാറുകയാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ്ങും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുകയാണ്. വെല്ലുവിളിയായി ആം ആദ്മി പാര്‍ട്ടിയും ശക്തിയാര്‍ജിക്കുന്നതോടെ ചൂടന്‍ തെരഞ്ഞെടുപ്പിലേക്കാവും പഞ്ചാബ് നീങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here