ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌ കേസ്; കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പിൽ ചെയർമാൻ അറസ്‌റ്റിലായതോടെ കൂടുതൽ ബിജെപി – ആർഎസ്‌എസ്‌ നേതാക്കൾ പ്രതിയാകുമെന്ന്‌ സൂചന. ഹിന്ദുസ്ഥാൻ ഡെവലപ്‌മെന്റ്‌ ബാങ്കിന്റെ (എച്ച്‌ഡിബി) പേരിൽ നിക്ഷേപം സ്വീകരിച്ച്‌ വഞ്ചിച്ചെന്നാണ് പണം നഷ്‌ട‌പ്പെട്ടവരുടെ പരാതി. ചെയർമാൻ സുരേഷ്‌ കൃഷ്‌ണയെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

നിലവിൽ മൂന്ന്‌ പരാതികളാണ്‌ സുരേഷ്‌ കൃഷ്‌ണയ്‌ക്കെതിരെ ചെർപ്പുളശേരി പൊലീസിൽ ലഭിച്ചത്‌. ഇയാളെ ചോദ്യം ചെയ്‌താലേ കൂടുതൽ തട്ടിപ്പ്‌ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ഭരണ സമിതിയിൽ ആർഎസ്‌എസ്‌ – ബിജെപി നേതാക്കളാണുള്ളത്‌.

ഒമ്പതംഗ ഭരണസമിതിയിൽ മൂന്നുപേർ അംഗീകരിച്ചാൽ പണം ഇടപാട്‌ നടത്താം. എന്നാൽ തട്ടിപ്പിൽ ഒമ്പതംഗങ്ങൾക്കും തുല്യപങ്കാണെന്ന്‌ സുരേഷ്‌ കൃഷ്‌ണ പറയുന്നു. സുരേഷ്‌ കൃഷ്‌ണയെ കസ്‌റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ ചെർപ്പുളശേരി സിഐ -എം സുജിത്‌ കോടതിയിൽ നൽകി.

കൂടുതൽ നേതാക്കൾക്ക്‌ തട്ടിപ്പിൽ പങ്കുണ്ടെന്ന്‌ ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ഭൂരിഭാഗവും ബിജെപി അനുകൂലികളിൽ നിന്നാണ്‌ പണം പിരിച്ചത്‌. കാസർകോട് മുസ്ലിംലീഗ്‌ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ്‌ തട്ടിപ്പിന്‌ സമാനമാണ്‌ ചെർപ്പുളശേരിയിലെ തട്ടിപ്പെന്നും ബിജെപി യോഗത്തിൽ വിമർശനം ഉയർന്നു. തുടർന്ന്‌, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌ ഇക്കാര്യം അന്വേഷിക്കാൻ എത്തി. തട്ടിപ്പ്‌ ആസൂത്രിതമായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടതായും പറയുന്നു. എന്നാൽ ബിജെപി ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News