പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍; എച്ച്. സലാമിന്റെ സബ്മിഷന്  മുഖ്യമന്ത്രിയുടെ മറുപടി

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍  പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി.എസ്.സി നിയമന ശിപാര്‍ശകള്‍ നല്‍കിവരുന്നത്.

ഈ സാഹചര്യത്തില്‍ റാങ്ക്  ലിസ്റ്റില്‍  ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍  ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി വരുന്നുണ്ട്.

റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് പ്രമേയാവതാരകന്‍ സൂചിപ്പിച്ചതുപോലെ ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇക്കാര്യം  പരിഗണിച്ചുകൊണ്ട് ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

പി.എസ്.സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍  ബന്ധപ്പെട്ട വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News