13-ാം തീയതിയും അന്ധവിശ്വാസവും…

13ാം തീയതി വെള്ളിയാഴ്ച വരുന്നത് പൈശാചിക ദിനമായി കരുതാറുണ്ട്. ഇത്തരത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങള്‍ ഇന്നത്തെ പാശ്ചാത്യ സമൂഹങ്ങളില്‍ പോലും പ്രചാരത്തിലുണ്ട്. ഏതെങ്കിലും മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ചയാണെങ്കില്‍ അത് നിര്‍ഭാഗ്യത്തിന്റെ ദിനമാണെന്ന അന്ധവിശ്വാസവും അവയില്‍ ഒന്നാണ്.

ഗ്രിഗോറിയന്‍ കലണ്ടറിന്റെ സ്വഭാവമനുസരിച്ച് മറ്റേതൊരു ദിനത്തെക്കാള്‍ 13-ാം തീയതി വെള്ളിയാഴ്ചയാകാന്‍ സാധ്യത കൂടുതലാണ്. ഈ ദിവസത്തെ സംബന്ധിച്ച അന്ധവിശ്വാസം ലോകമെമ്പാടും നിലനില്‍ക്കുന്ന ഒന്നല്ല. ഇറ്റലിയില്‍ 17-ാം തീയതി വെള്ളിയാഴ്ചയാണെങ്കില്‍ ആ ദിവസം പൈശാചിക ദിനമായി അറിയപ്പെടുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 13-ാം തീയതി വെള്ളിയാഴ്ചയാണ് എന്നത് ഒരു യാദൃശ്ചികതയാവാം.

എന്തായാലും ഇതൊരു അന്തവിശ്വാസ സൃഷ്ടിയാകാനേ സാധ്യതയുള്ളൂ. വെള്ളിയാഴ്ചയും 13 എന്ന സംഖ്യയും ലോകത്തെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങള്‍ നിര്‍ഭാഗ്യവുമായി ബന്ധപ്പെടുത്തി കണ്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലാണ് 13 എന്ന സംഖ്യയുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ ഉദ്ഭവമെന്ന് ‘എക്‌സ്ട്രാ ഓര്‍ഡിനറി ഒറിജിന്‍ ഓഫ് എവരിഡേ തിങ്‌സ്’ എന്ന പുസ്തകത്തില്‍ ചാള്‍സ് പനാറ്റി വിശദീകരിക്കുന്നു.

ബൈബിളിന്റെ ചരിത്രത്തില്‍ വെള്ളിയാഴ്ചകള്‍ ദൗര്‍ഭാഗ്യകരമായതിന് പിന്നിലെ ചരിത്രം ക്രിസ്തുവിന്റെ കുരിശുമരണത്തിനും മുമ്പ് തുടങ്ങുന്നതാണ്. ആദവും ഹവ്വയും ചേര്‍ന്ന് വിലക്കപ്പെട്ട കനി കഴിച്ചത് ഒരു വെള്ളിയാഴ്ചയായിരുന്നു എന്ന് ബൈബിള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, പ്രാചീന കാലത്ത് വെള്ളിയാഴ്ച ദിവസത്തിന് ദൈവീകമായ സ്ത്രീത്വവുമായി ബന്ധമുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ഇതിന്റെ സൂചന വെള്ളിയാഴ്ചയുടെ ഇംഗ്ലീഷ് നാമത്തില്‍ തന്നെയുണ്ട്.

‘ഫ്രൈഡേ’ എന്ന വാക്കിന് പഴയ ഇംഗ്ലീഷില്‍ ‘ഡേ ഓഫ് ഫ്രിഗ്ഗ്’ എന്നായിരുന്നു അര്‍ത്ഥം. നോര്‍സ് മിത്തോളജിയില്‍ അസ്ഗാര്‍ഡിലെ രാജ്ഞിയും ശക്തയായ ആകാശദേവതയുമായിരുന്ന ഫ്രിഗ്ഗ് പ്രണയം, വിവാഹം, മാതൃത്വം എന്നിവയുടെ ദേവതയായിരുന്നു.

‘നോര്‍സ്, ജര്‍മാനിക് പ്രാദേശിക ഗോത്രജനത ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതോടെ ഫ്രിഗ്ഗ് എന്ന ദേവതയെ ദുര്‍മന്ത്രവാദിയായി മുദ്രകുത്തി. എല്ലാ വെള്ളിയാഴ്ചകളിലും ഈ ദുര്‍ദേവത മറ്റു പതിനൊന്ന് ദുര്‍മന്ത്രവാദികളെയും ഒരു പിശാചിനെയും വിളിച്ചുവരുത്തി 13 പേര്‍ അടങ്ങുന്ന യോഗം ചേര്‍ന്നിരുന്നതായും വരും ദിവസങ്ങളില്‍ വിധിയില്‍ വരുത്തേണ്ട ആപത്കരമായ മാറ്റങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായും പിന്നീട് വിശ്വസിക്കപ്പെട്ടു’, പനാറ്റി എഴുതുന്നു. ഈ ദിവസങ്ങള്‍ ഇന്നും പാശ്ചാത്യ ഭാവനയില്‍ ഭീതി പടര്‍ത്തുന്ന ഒന്നാണ്.

എന്നാല്‍, മുഖ്യധാരയില്‍ ഇടപെട്ടിരുന്ന സ്ത്രീകളെ ചരിത്രത്തിലുടനീളം നിശ്ശബ്ദരാക്കിയ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാകുന്ന ഈ കാലത്ത് നിര്‍ഭാഗ്യം നിറഞ്ഞ ഈ തീയതിയെക്കുറിച്ചും വനിതാ ആരാധനാമൂര്‍ത്തികളെക്കുറിച്ചുമുള്ള ആഖ്യാനങ്ങള്‍ വൈകാതെ തിരുത്തിയെഴുതപ്പെട്ടേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News