മലമ്പാമ്പിനെ പിടികൂടി കൊന്നു തോലുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചിയാക്കാനും ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ആറു മാസം തടവും മൂവായിരം രൂപ പിഴയും. വാളയാർ റേഞ്ചിലെ സർക്കാർ തേക്ക് തോട്ടത്തിൽ മലമ്പാമ്പിനെ പിടികൂടി കൊന്നു തോലുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചിയാക്കാനും ശ്രമിച്ച കേസിലാണ് പ്രതി വാളയാർ പുതുശ്ശേരി ഈസ്റ്റ് വില്ലേജിലെ മരുതൻ മകൻ മുരുകന് (58വയസ്സ്) ആറു മാസം തടവും മൂവായിരം രൂപ പിഴയും വിധിച്ചത്.
വന്യ ജീവി നിയമ പ്രകാരം പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
രണ്ടായിരത്തി പതിനൊന്നു മാർച്ച് 21നാണ് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ തേക്ക് തോട്ടത്തിൽ പരിശോധന നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരായ ജി. ജയമോഹനൻ, പി. സുബ്രമണ്യൻ, പി. സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മലമ്പാമ്പിനെ പിടികൂടി കൊന്നു കത്തി ഉപയോഗിച്ച് തോലുരിച്ച് നെയ്യ് എടുക്കുവാനും ഇറച്ചി യാക്കാനും ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ കത്തി കാണിച്ചു ഭീഷണിപെടുത്തിയെങ്കിലും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് ഫോറെസ്റ്ററിയിൽ ഡിഎൻഎ പരിശോധനയിൽ തോലുരിച്ച നിലയിൽ കാണപ്പെട്ട ഭാഗങ്ങൾ മലമ്പാമ്പിന്‍റേതാണെന്ന് സാക്ഷ്യപെടു ത്തിയിരുന്നു. വാളയാർ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ മാരായ കെ. ഗോപിനാഥൻ, കെ. കെ. സാബു എന്നിവർ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് ഹാജരായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.