‘ഈശോ’: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം’: വിവാദത്തില്‍ പ്രതികരണവുമായി സക്കറിയ

നാദിര്‍ഷയുടെ ഈശോ ചിത്രത്തെപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. മതത്തിന്റെ മതിലുകള്‍ക്കിടയില്‍ ആവിഷ്‌കാര സ്വാതന്ത്യം കെട്ടുപിണഞ്ഞുകിടക്കുമ്പോള്‍ മതവുമായി സിനിമയെന്ന കലയെ കൂട്ടിയിണക്കി വിവാദങ്ങളുയര്‍ത്തുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ല എന്ന യാഥാര്‍ഥ്യവും ഉയര്‍ന്നു വരികയാണ്. ഇത്തരത്തിലുള്ള വിഷം വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ.

ഈശോയുടെ പേരില്‍ നടക്കുന്ന വിഷംചീറ്റലുകളെ ഒറ്റപ്പെടുത്തേണ്ടതും പരാജയപ്പെടുത്തേണ്ടതും കേരള ക്രൈസ്തവ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സക്കറിയ പറഞ്ഞു.

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവലജ്ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തുവച്ചിരിക്കുന്നതെന്നും സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.

മേല്‍പ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപല്‍ക്കരമായിത്തീരുന്നത് നാദിര്‍ഷായ്ക്കോ മലയാളസിനിമയ്‌ക്കോ മുസ്ലിങ്ങള്‍ക്കോ അല്ല, ക്രൈസ്തവര്‍ക്ക് തന്നെയാണ്. അവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്‌കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാര്‍ദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂര്‍വം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നുവെന്നും സക്കറിയ കൂറിച്ചു.

അതേസമയം, ഈശോക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി്. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയായിരുന്നു ഹരജി നല്‍കിയത്.

സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇതാ…

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള അതീവലജ്ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേര്‍ക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും ‘വിശ്വാസി’കളും ചേര്‍ന്ന് ‘ഈശോ’ എന്ന സിനിമയുടെ പേരില്‍ ചെയ്തുവച്ചിരിക്കുന്നത്.

ഭാഗ്യവശാല്‍ അവരുടെ സംസ്‌കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്‌കാരത്തില്‍ ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു – അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

മേല്‍പ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപല്‍ക്കരമായിത്തീരുന്നത് നാദിര്‍ഷായ്ക്കോ മലയാളസിനിമയ്‌ക്കോ മുസ്ലിങ്ങള്‍ക്കോ അല്ല, ക്രൈസ്തവര്‍ക്ക് തന്നെയാണ്. അവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്‌കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാര്‍ദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂര്‍വം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യന്‍ ഒരിക്കല്‍ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കൂടി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബന്‍. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്‌കാരികകേരളത്തിന്റെ ആവശ്യവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News