രാജ്യസഭയിൽ നടന്നത് ആസൂത്രിത ആക്രമണം: എളമരം കരീം

താൻ അടക്കമുള്ള പ്രതിപക്ഷ എംപിമാർ രാജ്യസഭ ചേംബറിൽ ആഗസ്‌ത്‌ 11നു ശാരീരിക ആക്രമണത്തിനു വിധേയരായ സംഭവത്തെക്കുറിച്ച്‌ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീം രാജ്യസഭ സെക്രട്ടറി ജനറലിനു കത്ത്‌ നൽകി.

ക്രൂരമായ രീതിയിൽ ബലംപ്രയോഗിച്ചാണ്‌ മാർഷൽമാർ എംപിമാരെ തടഞ്ഞത്‌. ചെയർമാനോട്‌ സംസാരിക്കാൻ അദ്ദേഹത്തിന്റെ ചേംബറിലേയ്‌ക്ക്‌ പോകാൻ ശ്രമിച്ച തന്നെ പിടിച്ചുവലിച്ച്‌ തള്ളി. ഇതിനിടെ  നെഞ്ചിൽ ശക്തമായ ഇടിയേറ്റതിനെ തുടർന്ന്‌ ഇപ്പോഴും ശാരീരിക അസ്വാസ്ഥ്യവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു. തന്നെ ആക്രമിച്ച മാൽഷലിനെ കണ്ടാൽ അറിയാം–-എളമരം കരീം കത്തിൽ പറഞ്ഞു.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമാണ്‌ നടന്നത്‌. പ്രതിഷേധവും തർക്കവും പരിഹരിക്കേണ്ടത്‌ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചർച്ച വഴിയാണ്‌. വനിതകൾ അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ശാരീരികമായി ആക്രമിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചത്‌ ഇതാദ്യമായാണ്‌.  മാർഷൽമാരുടെ വേഷത്തിൽ പുറത്തുനിന്ന്‌ കൊണ്ടുവന്നവരാണ്‌  ചേംബറിൽ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെന്ന്‌  സംശയിക്കുന്നു. പാർലമെന്റ്‌ മന്ദിരത്തിലോ രാജ്യസഭ ചേംബറിലോ സാധാരണ  ഇവരെ കണ്ടിട്ടില്ല.

മാർഷൽമാരെ മുൻകൂട്ടി ചേംബറിൽ നിയോഗിച്ചത്‌ പ്രതിഷേധിക്കുന്ന എംപിമാരെ ഉപദ്രവിക്കാൻ മുമ്പേ ആസൂത്രണം ചെയ്‌തതിനെ തുടർന്നാണെന്ന്‌ വ്യക്തമാണ്‌.  സഭയിൽ നടന്നതിന്റെ ഭാഗിക ദൃശ്യങ്ങൾ മാത്രമാണ്‌ സംഭവങ്ങൾ വളച്ചൊടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്രമന്ത്രിമാർ കഴിഞ്ഞദിവസം പുറത്തുവിട്ടത്‌. താൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ പേരിൽ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച്‌ പരാതികൾ നൽകുന്നു.

സംഭവസമയത്തെ ദൃശ്യങ്ങൾ രാജ്യസഭ ടിവി സംപ്രേഷണം ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ, ആഗസ്‌ത്‌ 11നു ജനറൽ ഇൻഷ്വറൻസ്‌ ബിൽ സഭയിൽ അവതരിപ്പിക്കാൻ തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങളുടെ പകർപ്പ്‌ കൈമാറണമെന്ന്‌ എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here