രാജ്യസഭയിൽ നടന്നത് ആസൂത്രിത ആക്രമണം: എളമരം കരീം എംപി

രാജ്യസഭയിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് രാജ്യസഭാ എംപി എളമരം കരീം വ്യക്തമാക്കി. പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐഎം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം രാജ്യസഭ സെക്രട്ടറി ജനറലിനു കത്ത്‌ നൽകി.

ക്രൂരമായ രീതിയിൽ ബലം പ്രയോഗിച്ചാണ്‌ മാർഷൽമാർ എംപിമാരെ തടഞ്ഞതെന്നും, തന്നെ ആക്രമിച്ച മാര്‍ഷലിനെ കണ്ടാൽ തിരിച്ചറിയാമെന്നും എംപി കത്തിൽ പറഞ്ഞു. സഭയിൽ നടന്നതിന്റെ ഭാഗിക ദൃശ്യങ്ങൾ മാത്രമാണ്‌ സംഭവങ്ങൾ വളച്ചൊടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്രമന്ത്രിമാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്‌.

താൻ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ പേരിൽ വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച്‌ പരാതികൾ നൽകുകയാണെന്നും എംപി വ്യക്തമാക്കി. സംഭവ സമയത്തെ ദൃശ്യങ്ങൾ രാജ്യസഭാ ടിവി സംപ്രേഷണം ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ, ആഗസ്‌ത്‌ 11നു ജനറൽ ഇൻഷ്വറൻസ്‌ ബിൽ സഭയിൽ അവതരിപ്പിക്കാൻ തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങളുടെ പകർപ്പ്‌ കൈമാറണമെന്ന്‌ എളമരം കരീം കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here