
ലയണൽ മെസി കളിക്കുന്ന ലീഗാണ് ഫ്രഞ്ച് ലീഗ്. കാൽപന്ത് കളി പ്രേമികളുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ഫ്രഞ്ച് ലീഗിലേക്കാണ്. ‘കാൽപന്ത് കളിയിലെ മിശിഹ’ ലയണൽ മെസ്സിയുടെ അപ്രതീക്ഷിത ചേക്കേറലോടെ ആരാധക പ്രീതിയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ബിഗ് ഫൈവ് ലീഗുകളിൽ അഞ്ചാമതായ ഫ്രഞ്ച് ലീഗ് .
പാരീസ് സെയിന്റ് ജർമൻ ഉൾപ്പടെ ആകെ 20 ക്ലബ്ബുകൾ മത്സരിക്കുന്ന ലീഗ് വണ്ണിൽ നിലവിലെ ചാമ്പ്യന്മാർ ലില്ലെയാണ്. 10 തവണ വീതം കിരീടം നേടിയ മാർസെയും സെൻറ് എറ്റിയെന്നുമാണ് ‘ലീഗ് വണ്ണി’ലെ കിരീടക്കണക്കിൽ ഒന്നാമതുള്ളത്. ആകെ ഒൻപത് വട്ടം ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കിയ പിഎസ് ജിക്ക് ‘സുവർണ്ണ താരനിര ‘ യുടെ വരവോടെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്.
എ.സി ട്രോയെസും ക്ലെർമോണ്ട് ഫൂട്ടുമാണ് ലീഗ് വണ്ണിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ടീമുകൾ. നീംസ്, ഡിജോൺ എന്നീ ക്ലബ്ബുകളാണ് തരംതാഴ്ത്തപ്പെട്ടത്. മൊണാക്കോ, ലിയോൺ, മാർസെ, ലില്ലെ ടീമുകളാണ് ലീഗ് വണ്ണിൽ പി എസ് ജിക്ക് ഭേദപ്പെട്ട എതിരാളികളായുള്ളത്.
ബോർഡെക്സ്,മോണ്ട്പെല്ലിയർ,നീസ്, സ്ട്രാസ്ബർഗ് , ലെൻസ്, ലോറിയൻറ്, മെറ്റ്സ്, ബ്രെസ്റ്റ്, റെന്നസ്,ആങ്കേഴ്സ് എന്നിവയാണ് ഫ്രഞ്ച് ലീഗിലെ മറ്റ് ക്ലബ്ബുകൾ. ബ്രസീൽ, അർജൻറീന, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പെരുമയുള്ള താരങ്ങളുടെ സാന്നിധ്യവും കാൽപന്ത് കളി പ്രേമികളുടെ മനം കവർന്നിട്ടുണ്ട്.
19 മത്സരങ്ങൾ വീതമാണ് ഫ്രഞ്ച്ലീഗിൽ ഓരോ ക്ലബ്ബുകളും കളിക്കുക. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബ് ലീഗ് വൺ കിരീട ജേതാക്കളാകും.ഹോം ഗ്രൗണ്ടായ പാർക്ക് ദെ പ്രിൻസസിലും എവേ ഗ്രൗണ്ടുകളിലുമായിരിക്കും മെസിയുടെ പി.എസ്.ജിക്ക് ലീഗ് മത്സരങ്ങൾ.
ലെസ് പാരീസിയൻസെന്നാണ് ആരാധകർക്കിടയിൽ ക്ലബ്ബിന്റെ ചെല്ലപ്പേര്.മാർസെയുടെ ഹോം ഗ്രൗണ്ടായ ‘ഓറഞ്ച് വെലോഡ്റോ’മാണ് ഏറ്റവും അധികം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം. ഓഗസ്തിൽ ആരംഭിച്ച് മെയ് 21 വരെ നീണ്ടു നിൽക്കുന്നതാണ് ‘ലീഗ് വൺ’ സീസൺ.
ലയണൽ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നടക്കുന്ന മത്സരത്തിൽ മെസിയുടെ പുതിയ ക്ലബ് പാരീസ് സെയിന്റ് ജെർമെയ്‌ൻ(പി എസ് ജി) സ്‌ട്രാസ്‌ബർഗിനെ നേരിടും.
ഫ്രാൻസിൽ കൊവിഡ് മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികൾക്ക് അനുമതി നൽകിയിട്ടുണ്ട്.മെസിയെ കൂടാതെ റയൽ മാഡ്രിഡ് വിട്ട സെർജിയോ റാമോസ്, അഷ്‌റാഫ് ഹാകിമി, ഗോൾ കീപ്പർ ജിയാൻ ലൂയിജി ഡൊന്നരൂമ, ജോർഗിനോ വിൻദാലം എന്നിവരും പി.എസ്.ജിയിലേക്കു ചേക്കേറിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തിൽ തന്നെ പി.എസ്.ജി. മെസിയെ അവതരിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
നെയ്‌മർ, കിലിയൻ, എംബാപ്പെ എന്നിവർക്കൊപ്പം മെസിയും മുന്നേറ്റ നിരയിൽ എത്തിയതോടെ കോച്ച് പൊച്ചെറ്റിനോ സമ്മർദത്തിലായി. കോപാ അമേരിക്കയിൽ അർജന്റീനയെ കിരീടത്തിലെത്തിച്ച ശേഷം മെസി വിശ്രമത്തിലായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും പി.എസ്.ജി. മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here