ദുബായിലേക്ക് മടങ്ങുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ടെന്ന് എമിറേറ്റ്സ്

ദുബായ്: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്സ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ദുബായിലേക്കുള്ള യാത്രാ അനുമതി നൽകുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഎഡ്ആര്‍എഫ്എ)ന്റെ വെബ്‌സൈറ്റിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ചേർക്കാനുള്ള ഭാഗം ‘ഓപ്‌ഷണൽ’ ആയാണ്ഇപ്പോൾ കാണിക്കുന്നത്. എന്നാൽ ജിഎഡ്ആര്‍എഫ്എ പുതിയ മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ വിമാനകമ്പനിയായ വിസ്താര, ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ, “വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, ദുബായിലേക്കുള്ള വിസ്താര വിമാനങ്ങളിൽ യാത്രക്കാരെ സ്വാഗതം ചെയ്യും.” എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ആറു രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിമാനങ്ങൾക്കുണ്ടായിരുന്ന വിലക്കിൽ ഇളവ് നൽകിയപ്പോൾ യുഎഇയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി നൽകുക എന്നായിരുന്നു പറഞ്ഞിരുന്നത്.

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അതിനു മുകളിൽ ഉള്ളവർക്ക് 48 മണിക്കൂറിനു മുൻപെടുത്ത പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നും വ്യക്തമാക്കിയിരുന്നു. അതും അംഗീകൃത ലാബുകളിൽ നിന്നും എടുത്ത ക്യുആർ കോഡ് ലിങ്ക് ചെയ്ത ഫലം മാത്രമേ സ്വീകരിക്കൂ എന്നും പറഞ്ഞിരുന്നു.

ആർടിപിസിആർ പരിശോധന ഫലത്തിന് പുറമെ യാത്രക്ക് നാല് മണിക്കൂർ മുമ്പ് പിസിആർ ദ്രുത പരിശോധനയും യാത്രക്കാർക്ക് നിർബന്ധമാണ്. ദുബായിൽ എത്തുമ്പോൾ മറ്റൊരു ആർടിപിസിആർ പരിശോധന കൂടി ആവശ്യമാണെന്നും നിബന്ധന ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here