സ്ഥാനാർത്ഥി നിർണ്ണയത്തിലും വനിതകളെ വെട്ടി എം എസ് എഫ്. എം എസ് എഫ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയെ കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലും വനിതാ നേതാക്കളോടുള്ള അവഗണന. ലീഗിനെ മറികടന്ന് വളർന്ന നേതാക്കളെ നേതൃത്വത്തിന്റെ അറിവോടെ മാറ്റിയെന്ന് വെളിപ്പെടുത്തൽ. ഫാത്തിമ തഹ്‌ലിക്ക് ലീഗ് കടിഞ്ഞാണിട്ടെന്നും ഫോൺ സംഭാഷണം. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെ സംഭാഷണമാണ് പുറത്തായത്.
എം എസ് എഫ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയെ കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വെട്ടിയത് എം എസ് എഫിന്റെ പിന്തുണയോടെ ലീഗ് നേതൃത്വമാണെന്നാണ് വെളിപ്പെടുത്തൽ.വനിതാ നേതാക്കൾ ലീഗ് നേതൃത്വത്തെ കടന്ന് വളർന്നതാണ് കാരണമെന്നാണ് പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ ഉള്ളത്.
കോഴിക്കോട് സൗത്തിൽ സാധ്യതാ പട്ടികയിലുണ്ടായിരുന്ന എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനെ ലീഗ് നിർദ്ദേശപ്രകാരം എം എസ് എഫ് തഴയുകയായിരുന്നു.ദേശീയ ഭാരവാഹിത്വത്തിലെ ഏക വനിതാ അംഗമാണ് ഫാത്തിമ. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടിയുടെ ശബ്ദസന്ദേശമാണ് പുറത്തായത്.
സൗത്തിൽ പിന്നീട് സ്ഥാനാർത്ഥിയായത് വനിതാ ലീഗിൽനിന്ന് നൂർബിനാ റഷീദ് ആയിരുന്നു.എം എസ് എഫിലെ സ്ത്രീവിരുദ്ധ സംഭവങ്ങൾ പുറത്താവുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. സംസ്ഥാന പ്രസിഡന്റ് പി കെ നവാസും വി അബ്ദുൾവഹാബും ലൈംഗിക ചുവയോടെ അധിക്ഷേപിച്ച സംഭവത്തിൽ ഒരു മാസം പിന്നിടുമ്പോഴും ലീഗ് നടപടിയെടുത്തിരുന്നില്ല.ഇതോടെ വനിതാ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.ഹരിത വിവാദം പുകയുന്നതിനിടെയാണ് ലീഗ് നേതൃത്വത്തെ കുരുക്കി പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.