കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു; ഹൈക്കമാന്‍ഡിന് പരാതിയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ദില്ലിയില്‍ വിളിച്ച് വരുത്തി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഈ മാസം കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് നേരത്തെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എങ്കിലും നടപടികള്‍ എങ്ങുമെത്താത്ത അവസ്ഥയില്‍ തന്നെ ആണ് ഉള്ളത്. കൂടിയാലോചനകള്‍ നടത്താതെ സംസ്ഥാന നേതൃത്വം ചുരുക്ക പട്ടിക നല്‍കിയതിന് എതിരെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

സ്ഥാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിന് ഇടയിലാണ് കേരളത്തിലെ നേതാക്കളെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിടി തോമസ്, ടി സിദ്ദിഖ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീക്ക് അന്‍വറിനൊപ്പം രാഹുല്‍ ഗാന്ധിയുടെ വസതിയില് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം ചുരുക്ക പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി എങ്കിലും സ്ത്രീ യുവ പ്രാധിനിധ്യം നേതൃത്വത്തില്‍ ഉറപ്പാക്കാന്‍ ആണ് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഈ മാസം കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും അന്തിമ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാന്‍ പോലും ഇത് വരെയും സാധിച്ചിട്ടില്ല. ചര്‍ച്ചകള്‍ തുടരുമെന്നും അന്തിമ പ്രഖ്യാപനം എഐസിസി നടത്തുമെന്നും ഉള്ള പതിവ് നിലപാട് തന്നെയാണ് യോഗ ശേഷം കെ സുധാകരന്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചത്.

അതെ സമയം ചുരുക്ക പട്ടികയക്ക് എതിരെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കൂടിയാലോചനകള്‍ നടത്താതെ ആണ് ചുരുക്ക പട്ടികയക്ക് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രൂപം നല്‍കിയത് എന്ന് ആരോപിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. ഗ്രൂപ്പുകളെ വെട്ടി നിരത്തി പ്രവര്‍ത്തന മികവ് മാനദണ്ഡമായി പുനഃസംഘടന നടത്തുമെന്ന് ആണ് കെ സുധാകരനും വി ഡി സതീശനും പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ഇരുവരും ചേര്‍ന്ന് തങ്ങളുടേത് ആയ മറ്റൊരു ഗ്രൂപ്പിന് രൂപം കൊടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. അതെ സമയം കോണ്‍ഗ്രസിന് ഉള്ളിലെ സാമുദായിക സമവാക്യങ്ങള്‍ തെറ്റിക്കുന്നത് ആണ് പുതിയ ചുരുക്ക പട്ടിക. കേന്ദ്ര നേതൃത്വത്തിന് നിലവിലുള്ള സ്ഥാനങ്ങള്‍ക്ക് പുറമെ കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് ഗ്രൂപ്പ് നേതാക്കളും സമാന്തര പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News