ശബരിമല കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം, നിലയ്ക്കല്‍ പദ്ധതിക്ക് തുടക്കമായി: മന്ത്രി റോഷി അഗസ്റ്റിന്‍

ശബരിമലയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ളപ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിയായ നിലയ്ക്കല്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമായെന്നും ഉടന്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

129 കോടി രൂപയാണ് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിക്ക് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലയ്ക്കലില്‍ 65.75 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിന് ആവശ്യമായ ജലസംഭരണി നിലവില്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിലേക്ക് പമ്പയില്‍ നിന്നും സീതത്തോട് നിന്നും ടാങ്കര്‍ ലോറി വഴിയാണ് ജലം എത്തിക്കുന്നുണ്ട്.

കൂടാതെ മണിക്കൂറില്‍ 28000 ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള ആര്‍.ഒ പ്ലാന്റുകള്‍ മണ്ഡലകാലം ആരംഭിക്കുന്നതിന് ( നബംബര്‍ 1 ന്) മുന്‍പ് സ്ഥാപിച്ചിരുന്നു. നിലവിലുള്ള ജലവിതരണ ശൃംഖലയിലെ 150 ഓളം കിയോസ്‌കുള്‍ വഴി നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ടോയ്‌ലറ്റുകളിലും, കംഫര്‍ട്ട് സ്റ്റേഷനുകളിലും ആവശ്യമുള്ള ജലവിതരണം ഒരുക്കും. വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ ലാബ് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

പമ്പയിലും സന്നിധാനത്തും എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് പമ്പ ത്രിവേണിയില്‍ സ്ഥാപിച്ചിട്ടുള്ള 12 എംഎല്‍ഡി ഉല്‍പ്പാദക ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍ നിന്നും ജലം ലഭ്യമാക്കും. ശുദ്ധജലം ശേഖരിക്കുന്നതിനായി പമ്പയില്‍ 6.80 ലക്ഷം ശേഷിയുള്ള ജലസംഭരണി നിലവില്‍ ഉണ്ട്.

കൂടാതെ കാനന പാതയില്‍ നീലിമലയില്‍ 2 ലക്ഷം ലിറ്റര്‍, അപ്പാച്ചിമേട് 2 ലക്ഷം ലിറ്റര്‍, ശരംകുത്തിയില്‍ 56 ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള ജലസംഭരണികളും സ്ഥാപിപ്പിച്ചുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതിന് പുറമെ പത്തോളം വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ പമ്പ മുതല്‍ സന്നിധാനം പാതയില്‍ സ്ഥാപിച്ച് അയ്യപ്പ ഭക്തര്‍മാര്‍ക്ക് കുടിവെള്ള വിതരണം നടപ്പാക്കും.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വാട്ടര്‍ അതോറിറ്റി പത്തനംതിട്ട പി.എച്ച്. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റ്റി തുളസീധരന് പ്രത്യേക ചുമതലയും നല്‍കിയതായും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here