അഭിമാന ‘ശ്രീ’ യെ കൈ പിടിച്ചുയർത്തിയ പരിശീലകൻ

ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ വന്മതിലാണ് മലയാളികളുടെ അഭിമാന താരം പി.ആർ ശ്രീജേഷ്. ‘ശ്രീ’ യെ ഹോക്കിയിലേക്ക് വഴി തിരിച്ചു വിട്ടത് പരിശീലകൻ എസ് ജയകുമാറാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.

പി.ആർ ശ്രീജേഷ് എന്ന മലയാളി താരം ലോകമെമ്പാടുമുള്ള ഹോക്കി ആരാധകർക്ക് ‘ഇന്ത്യയുടെ വന്മതിൽ’ ആണ്. 1998-99 കാലത്ത് അത്ലറ്റാകാൻ തിരുവനന്തപുരത്തെ ജി.വി രാജ സ്കൂളിലെത്തിയ ശ്രീജേഷിനെ ഹോക്കിയിലേക്ക് വഴി തിരിച്ചു വിട്ടത് പരിശീലകനായ എസ് ജയകുമാറായിരുന്നു.

അത്ലറ്റിക്സ് ശരിയാവുന്നില്ലെന്ന് കണ്ട് വോളിബോൾ ടീമിലേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നല്ല ശാരീരിക ക്ഷമതയും ഊർജ്ജസ്വലതയുമുള്ള ശ്രീയിൽ ജയകുമാറിന്റെ കണ്ണ്
ഉടക്കിയത്.പിന്നെ വൈകിയില്ല. ഗോൾ കീപ്പിംഗിൽ കൂടുതൽ പരിശീലനം നൽകാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനം ശ്രീയുടെ കരിയറിൽ വഴിത്തിരിവായി.

2004ൽ ജൂനിയർ ഏഷ്യാ കപ്പ് ടീമിൽ എത്തിയ ശ്രീ പിന്നീട് ഒരിക്കലും ടീമിൽ നിന്നും പുറത്തു പോയില്ല. നേട്ടങ്ങളിൽ നിന്നും നേട്ടങ്ങളിലേക്ക് ചുവടുവച്ച മലയാളത്തിന്റെ ‘അഭിമാന ശ്രീ’ ഒളിമ്പ്യനായി. ലോകകപ്പ് ടീമിൽ കയറി. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടി.ഇപ്പോൾ ഇതാ ഒളിംപിക്സ് വെങ്കല മെഡലും.

തന്റെ പ്രിയ ശിഷ്യൻ വിശ്വ കായിക മാമാങ്ക വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയതിന്റെ ആഹ്ലാദത്തിലാണ് ഈ പരിശീലകൻ. മുൻ ഹോക്കിതാരം കൂടിയായ ജയകുമാർ 1998 മുതൽ 2008 വരെയുള്ള 10 വർഷക്കാലമാണ് ജി.വിരാജയിൽ പരിശീലകനായത്.

തപാൽ വകുപ്പിൽ നിന്നെത്തി, പ്രതിഫലേച്ഛയില്ലാതെ ഇദ്ദേഹം നടത്തിയ കോച്ചിംഗിലൂടെ ആകെ പതിനാല് പേരാണ് അക്കാലത്ത് ഇന്ത്യൻ ക്യാംപിലെത്തിയത്. സായിയുടെയോ സ്പോർട്സ് കൗൺസിലിന്റെയോ പരിശീലകനല്ലാതെയായിരുന്നു ജയകുമാറിന്റെ ഈ നേട്ടങ്ങൾ.

ശ്രീജേഷിനെ നാടെങ്ങും ആദരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആദ്യ പരിശീലകനായ ഈ തിരുവനന്തപുരത്തുകാരന് അർഹിച്ച അംഗീകാരം വൈകുകയാണ്. നിലവിൽ ഡയറക്ടർ ഓഫ് അക്കൗണ്ട്സിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കേരള ഹോക്കിയിൽ നിന്നും ഇനിയും ‘ശ്രീജേഷു’മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here