സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുല്യനീതി എന്നീ തത്ത്വങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രതിജ്ഞായവണം ഈ സ്വാതന്ത്ര്യദിനം; പി എ മുഹമ്മദ് റിയാസ്

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷതയും, ബഹുസ്വരതയും ഇല്ലാതാക്കി രാജ്യത്ത് വംശീയതയും വര്‍ഗീയതയും പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിലും ഭരണഘടനയും ജനാധിപത്യവും നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുവാനും ജനാധിപത്യ അവകാശങ്ങളും, പൗരാവകാശങ്ങളും ഇല്ലായ്മ ചെയ്യാനുമുള്ള സംഘടിത ശ്രമങ്ങളും നടക്കുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടുള്ള സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, തുല്യനീതി എന്നീ തത്ത്വങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനുള്ള പ്രതിജ്ഞായവണം ഈ സ്വാതന്ത്ര്യദിനമെന്ന് മന്ത്രി പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യം പൊരുതി നേടിയെങ്കിലും അതിനായി പ്രയത്‌നിച്ചവര്‍ സ്വപ്നം കണ്ട സാമൂഹ്യനീതി ഇനിയും കൈവരിക്കാന്‍ നമ്മുക്ക് സാധിച്ചിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ക്കും, ദലിത് വിഭാഗങ്ങള്‍ക്കുമെതിരെയായ അതിക്രമങ്ങള്‍ വര്‍ധിച്ച്‌ വരുകയാണ്. രാജ്യത്തെ നൂറ് കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ നില്‍ക്കുമ്പോഴും ഒരു വിഭാഗം വ്യക്തികളിലേക്ക് സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നു.

ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം കുറയണമെന്ന ഭരണഘടനയുടെ നിര്‍ദ്ദേശക തത്ത്വങ്ങള്‍ പോലും നടപ്പായിട്ടില്ല. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ കരുത്ത്. ബഹുസ്വരതയും നൂനപക്ഷ സംരക്ഷണവും രാജ്യത്തിന്റെ മതേതര ബോധത്തിന്റെ ആണികല്ലാണ്.

ദുര്‍ബല വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവണം. എല്ലാവര്‍ക്കും ഒരുപോലെ ആഘോഷിക്കുവാനും, സ്പര്‍ധകളില്ലാതെ ജീവിക്കുവാനും സാധിക്കുമ്പോഴാണ് നാം പൂര്‍ണ സ്വതന്ത്രരാകുന്നതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News