കാബൂളിലേക്ക് താലിബാൻ കടന്നു; തന്ത്രപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കാൻ യു.എസ് നിർദേശം

താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം. നാല് ഭാഗത്തുനിന്നും ഒരേസമയം താലിബാൻ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്.

കാബൂള്‍ സുരക്ഷിതമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. അതേസമയം, ബലപ്രയോഗത്തിലൂടെ കാബൂൾ കീഴടക്കാൻ പദ്ധതിയില്ലെന്നാണ് താലിബാൻ വക്താക്കള്‍ വ്യക്തമാക്കുന്നത്. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാൻ, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.

ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 22ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്. താലിബാൻ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കാബൂളിലേക്ക് ഒഴുകിയെത്തുകയാണ്.

ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ തിങ്ങി നിറഞ്ഞു കഴിയുന്ന ആളുകൾ നഗരത്തിലെ പ്രധാന കാഴ്ചയായി മാറി കഴിഞ്ഞു. അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകാന്‍ ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു.

കാബൂൾ പിടിച്ചെടുത്ത സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികൾക്ക് യു.എസ് വേഗം കൂട്ടി. അമേരിക്കൻ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ അഫ്ഗാനിലേക്ക് അയച്ചു.

രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്.

കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകൾ തീയിട്ട് നശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിർദേശം. ഇതിനായി അവലംബിക്കേണ്ട മാർഗങ്ങളെ കുറിച്ചും നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News