കിലുക്കത്തിൽ ജനാലയിൽ നക്കുന്നത് കണ്ട് പ്രിയൻ വരെ ചിരിച്ചുപോയി: ജഗതി ശ്രീകുമാർ

മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ച് ചിരിച്ച മലയാള സിനിമകളുടെ പേര് ചോദിച്ചാൽ അതിൽ ആദ്യ ലിസ്റ്റിൽ കിലുങ്ങുന്ന പേരുകളിൽ ഒന്ന് ‘കിലുക്കം’ ആയിരിക്കും.ജോജിയും നിശ്ചലും നന്ദിനിതമ്പുരാട്ടിയും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവരാണ്.മുപ്പത് വർഷങ്ങൾക്ക് ശേഷവും.അതെ കിലുക്കം മലയാളികളെ ചിരിപ്പിച്ചു തുടങ്ങിയിട്ട് മുപ്പതു വർഷമായി. “ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല ,എടാ കൊരങ്ങാ നല്ല കൊഴിന്റെ മണം, കോഴി കറങ്ങി നടക്കുന്നത് കണ്ടു”തുടങ്ങി മുപ്പതുവര്ഷങ്ങളായി മലയാളികൾക്ക് കാണാപ്പാഠമാണ് കിലുക്കത്തിലെ ഡയലോഗുകൾ. മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം 1991 ഓഗസ്റ്റ് 15നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 300 ഓളം ദിവസം ഓടി മലയാളത്തിലെ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ 30 -ാം വാർഷികമാണ് ഇന്ന്.

ചിത്രത്തിന്റെ മുപ്പതാം വാർഷിക ദിനത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . ചിത്രത്തിലെ ഒരു രസകരമായ രംഗം ഷൂട്ട് ചെയ്തപ്പോൾ സംവിധായകൻ പ്രിയദർശന് ചിരി നിർത്താൻ പറ്റിയില്ല എന്നാണ് ജഗതി ശ്രീകുമാർ ജോൺ ബ്രിട്ടാസിനൊപ്പമുള്ള കൈരളിയുടെ അഭിമുഖത്തിൽ പങ്ക് വെക്കുന്നത്.

കിലുക്കത്തിൽ ജനാല ഗ്ലാസിൽ നക്കുന്ന സീനിനെക്കുറിച്ചാണ് ജോൺ ബ്രിട്ടാസ് ചോദിച്ചത്.ആ ജനാല നക്കൽ സ്ക്രിപ്റ്റിലുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ “ഇല്ല ,അതപ്പോൾ തോന്നിയതാണ്.മഞ്ഞ് കൊണ്ട് മങ്ങിയിരിക്കുന്ന  ജനാല തുണികൊണ്ടോന്നും തുടക്കാനുള്ള ക്ഷമ നിശ്ചലിനില്ല,എങ്ങനെയേലും അകത്ത് എന്താണ് നടക്കുന്നതെന്ന് കാണാൻ വേണ്ടി ഗ്ലാസ് അങ്ങ് നക്കി തുടച്ചു .അത് കണ്ടു അന്ന് ക്യാമറയിൽ നോക്കി നിന്ന പ്രിയൻ വരെ ചിരിച്ചുപോയി” എന്നാണ് ജഗതി ശ്രീകുമാർ പറഞ്ഞത്.

കിലുക്കത്തിന്റ്റെ വിജയത്തിൽ പ്രധാനമായത് മോഹൻലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണെന്ന് ഏവരും പറയാറുണ്ട്.കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ജഗതി പറയുന്നത് കിലുക്കം സിനിമയുടെ ഷൂട്ട് ഒരു പന്തുകളി പോലെയായിരുന്നു എന്നാണ്.”മോഹൻലാൽ, രേവതി, തിലകൻ …രേവതി വണ്ടർഫുൾ ആക്ടർ അല്ലെ ?ഭയങ്കര ആസ്വദിച്ചാണ് ആ സിനിമ ചെയ്തത് .ഒരു പന്ത് കൃത്യമായി മറ്റൊരാൾക്കാണ് പാസ് ചെയ്തു കൊടുക്കുന്നത് .അതൊരു വലിയ അനുഭവമാണ്” ഇങ്ങനെയാണ് ജഗതി ശ്രീകുമാർ കിലുക്കം ഷൂട്ടിനെ ഓർമ്മിക്കുന്നത്.

മോഹൻലാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട കഥയാണ് മറ്റൊരു സംഭവം. ‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹൻലാൽ ട്രെയിനിനു മുകളിൽ നിന്നും ഡാൻസ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ലൈൻ കമ്പിയിൽ തട്ടാതെ രക്ഷപ്പെട്ടത് ജഗതിയുടെ നിരീക്ഷണം മൂലമായിരുന്നു .പ്രൊഡക്ഷൻ ടീമിന്റെ ശ്രദ്ധയിൽ പെടാതിരുന്ന കമ്പി ജഗതി കാണുകയും മോഹനലാലിനോട് പറയുകയും ഉടൻ തന്നെ അദ്ദേഹം താഴ്ന്ന് കിടക്കുകയും ചെയ്തത് കൊണ്ടാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്ന് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News