പെഗാസസ്; ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ നല്‍കിയ 10 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി അടക്കം നല്‍കിയ 10 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

കേന്ദ്രസര്‍ക്കാരിന്റെയും, ഹര്‍ജിക്കാരുടെയും വാദമുഖങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേള്‍ക്കും. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കുന്ന മറുപടി രാഷ്ട്രീയപരമായും ഏറെ പ്രധാന്യമുള്ളതാണ്.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ നല്‍കിയ പത്ത് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുന്നത്. വിശദമായി തന്നെ വാദം കേള്‍ക്കുമെന്ന് കോടതി നേരത്തെ സൂചന നല്‍കിയിരുന്നു.

എന്‍.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയോ, പെഗസിസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയോ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാണ് ഹര്‍ജികളിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി നിര്‍ണായകമാകും.

സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നാണ്, ഫോണ്‍ ചോര്‍ത്തലിനിരയായെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ആവശ്യം. സിറ്റിംഗ് അല്ലെങ്കില്‍ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.റാമും, ശശികുമാറും ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും, ജോണ്‍ ബ്രിട്ടാസ് എം.പിയും കോടതിയെ സമീപിച്ചത്. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ മറുപടി നീട്ടിക്കൊണ്ട് പോകാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞെങ്കിലും സുപ്രിംകോടതിയില്‍ നല്‍കുന്ന മറുപടി വലിയ പ്രതിസന്ധി തന്നെയാകും മോദി സര്‍ക്കാരിനെ കാത്തിരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News