അഫ്ഗാന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം പിടിച്ചടക്കി താലിബാന്‍ 

അഫ്ഗാനിസ്ഥാന്‍ പൂര്‍ണ നിയന്ത്രണത്തിലാക്കി താലിബാന്‍.  പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തു. കൊട്ടാരത്തിലെ  അഫ്ഗാന്‍ പതാക നീക്കി  താലിബാന്‍ പതാക കെട്ടി. അഫ്ഗാന്‍റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാനെന്ന് പേര് മാറ്റുമെന്ന് താലിബാന്‍ വ്യക്തമാക്കി. രാജ്യം വിട്ട പ്രസിഡന്‍റ് അഷ്റഫ് ഗനി എവിടെയെന്ന് അവ്യക്തം. അഫ്ഗാന്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വൈകീട്ട് ചേരും.

വൻ ഏറ്റുമുട്ടലുകളില്ലാതെ കാബൂള്‍ നിയന്ത്രണത്തിലാക്കിയ താലിബാന്‍ അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം രാത്രിയോടെയാണ് പിടിച്ചെടുത്തത്. കൊട്ടാരത്തിലെ  അഫ്ഗാന്‍ പതാക നീക്കി  താലിബാന്‍ പതാക കെട്ടുന്നതിന്‍റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍  പുറത്തുവന്നു. കൊട്ടാരം കൂടാതെ മറ്റ് തന്ത്രപ്രധാന മേഖലകളും താലിബാന്‍ നിയന്ത്രണത്തിലാണ്.

കാബൂളും പിടിച്ചതോടെ യുദ്ധം അവസാനിച്ചെന്ന് വ്യക്തമാക്കിയ താലിബാന്‍  അധികാരകൈമാറ്റം സമാധാനപരമായി നടക്കണമെന്ന് ആവര്‍ത്തിച്ചു. അഫ്ഗാന്‍റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാനാക്കി മാറ്റുമെന്നും വ്യക്തമാക്കി. മുന്‍പും സര്‍ക്കാര്‍ – താലിബാന്‍ ചര്‍ച്ചകള്‍ക്ക് വേദിയായ ദോഹ കേന്ദ്രീകരിച്ചാകും അധികാര കൈമാറ്റ ചര്‍ച്ചകളും നടക്കുക. സര്‍ക്കാരിനെ ആരു നയിക്കുമെന്ന് താലിബാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

താലിബാന്‍ കമാന്‍ഡര്‍ അബ്ദുള്‍ ഗനി ബാറാദറിനാണ് സാധ്യത. മുന്‍ ആഭ്യന്തര മന്ത്രി അലി അഹമ്മദ് ജലാലിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. അതേസമയം രാജ്യം വിട്ട പ്രസിഡന്‍റ് അഷ്റഫ് ഗനി എ‍വിടെ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

താജിക്കിസ്ഥാനിലേക്കോ ഉസ്ബെക്കിസ്ഥാനിലേക്കോ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.നാട് വിട്ട ഗനിയുടെ നടപടിയില്‍ അഫ്ഗാനില്‍ വിമര്‍ശനം ശക്തമായി. എന്നാല്‍  രക്തച്ചൊരിച്ചില്‍ ഒ‍ഴിവാക്കുന്നതിനാണ് രാജ്യം വിട്ടതെന്നാണ് അഷ്റഫ് ഗനിയുടെ വിശദീകരണം. നിലവിലെ സംഭവ വികാസങ്ങളില്‍  ഇടപെടില്ലെന്ന സൂചന അമേരിക്ക ആവര്‍ത്തിച്ചു. ജനങ്ങളുടെ  സുരക്ഷ ഇപ്പോള്‍ അധികാരത്തിലുള്ളവരുടെ ഉത്തരവാദിത്വമാണെന്നാണ് അമേരിക്കന്‍ നിലപാട്.  അഫ്‌ഗാൻ  വിടാൻ ആഗ്രഹിക്കുന്നവരെ തടയരുതെന്നും വിമാനത്താവളം, റോഡുകൾ, അതിർത്തികൾ എന്നിവ അടക്കരുതെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രസ്താവനയിറക്കി. .

അഫ്ഗാന്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വൈകീട്ട് യോഗം ചേരുന്നുണ്ട്.ഇതിനിടെ താലിബാനെ അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News