ADVERTISEMENT
കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടീ തീരുമാനങ്ങള്‍ എടുക്കുന്ന കെ പി സി സി അധ്യക്ഷനെതിരെ നിസംഗത പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തിലക്കും എതിരെ ഇരു ഗ്രൂപ്പിനുളളിലും നീരസം. മുതിര്‍ന്ന നേതാക്കളായ ഇരുവരേയും ഇരുട്ടത്ത് നിര്‍ത്തി ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ തീരുമാനം എടുത്തിട്ടും മൗനം തുടരുന്ന ഇരുവരുടെയും നിലപാടില്‍ രണ്ട് ഗ്രൂപ്പിലെയും രണ്ടാം നിര നേതാക്കള്‍ക്ക് അതൃപ്തി ഉണ്ട്. ഗ്രൂപ്പ് യോഗം വിളിച്ച് ശക്തി തെളിയിക്കണമെന്നാണ് എ ഐ ഗ്രൂപ്പുകളിലെ രണ്ടാം നിര നേതാക്കളുടെ ആവശ്യം
ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക കൈമാറും മുന്‍പ് കെ സുധാകരന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു എന്നത് വാസ്തവം. എന്നാല്‍ കൈമാറിയ പട്ടികയില്‍ തങ്ങളുടെ വിശ്വസ്ഥരില്ലെന്ന സൂചന ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ച എന്ന പേരില്‍ പ്രഹസനം നടത്തിയ ശേഷം ഹൈക്കമാന്‍ഡിന് പട്ടിക കൈമാറിയ രീതിയിലും , ശൈലിയിലും സുധാകരന്റെ ഏകാധിപത്യ പ്രവണത നിഴലിച്ച് നില്‍ക്കുന്നു എന്നതാണ് വസ്തുത.
1982 മുതല്‍ ദില്ലി ചര്‍ച്ചകളില്‍ എ ഗ്രൂപ്പിലെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്തവണ സോണിയാഗാന്ധിയുമായുളള ചര്‍ച്ചക്ക് ക്ഷണം ഉണ്ടായിരുന്നില്ല. സമാന അനുഭവം തന്നയാണ് ചെന്നിത്തലക്കും നേരിട്ടത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായിരുന്ന കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ സംഘടനാ നടപടി എടുത്തതിന്റെ വേഗം എ ഗ്രൂപ്പിന്റെ മനോവീര്യം ചോര്‍ത്തിയിട്ടുണ്ട്. പരസ്യപ്രതികരണം ഉണ്ടായാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാവും കെ സുധാകരന്‍ അതിനെ നേരിടുക എന്ന ഭയപാട് ഇരുഗ്രൂപ്പുകളെയും ബാധിച്ചിരിക്കുന്നു.
അതുകൊണ്ടാണ് അമര്‍ഷം ഉളളിലൊതുക്കി ഇരുഗ്രൂപ്പിലെയും രണ്ടാം തലമുറ നേതാക്കള്‍ മൗനം അവലംബിക്കുന്നതും. പരസ്യ പ്രതികരണത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ കെ സി ജോസഫിനെ പോലും താക്കീത് ചെയ്യാന്‍ കെ സുധാകരന്‍ മടിച്ചില്ല എന്നത് എ ഗ്രൂപ്പ് ഒരു സൂചനയായി എടുക്കുന്നു. ഡിസിസി പട്ടിക പുറത്ത് വരുമ്പോള്‍ അതില്‍ എ ഗ്രൂപ്പ് ഔദ്യോഗികമായി നല്‍കിയ പേരുകള്‍ വെട്ടിമാറ്റപ്പെട്ടാല്‍ പരസ്യപ്രതികരണം ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് നടത്തണമെന്ന ആവശ്യം എ ഗ്രൂപ്പില്‍ ശക്തമാണ്.
മറുവശത്ത് രമേശ് ചെന്നിത്തലയുടെ അവസ്ഥയും വിഭിന്നമല്ല. പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് തന്നെ നീക്കം ചെയ്തതിന്റെ പരിഭവം കത്തിലുടെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. ഒന്നിലേറെ എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞ് കിടപ്പുണ്ടെങ്കിലും അതിലേക്ക് ഒന്നും ചെന്നിത്തലയെ പരിഗണിക്കുന്നുമില്ല. താന്‍ പരസ്യ പ്രതികരണം നടത്തിയാല്‍ ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടാകുമോ എന്ന ഭയവും ചെന്നിത്തലക്കുണ്ട്.
മുല്ലപ്പളളി, വി എം സുധീരന്‍, കെ മുരളീധരന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തി ഉണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ മധുവിധുകാലത്ത് വാക്ക് കൊണ്ട് പരസ്യമായി അലോസരമുണ്ടാക്കേണ്ട എന്ന നിലപാടിലാണ്.
ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയേയും വിശ്വസിച്ച് വര്‍ഷങ്ങളായി കൂടെ തുടരുന്ന രണ്ടാം തലമുറ നേതാക്കളാണ് ശരിക്കും അപമാനിക്കപ്പെടുന്നത്. അവരുടെ ആവശ്യനുസരണം ഡിസിസി പട്ടിക പുറത്ത് വരുമ്പോള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്യപ്രതികരണത്തിന് മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.