കൊവിഷീല്‍ഡ് വാക്സിന്‍ മൂന്നാമത് ഡോസ് എടുക്കുന്നത് നല്ലതോ? സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പറയുന്നതിങ്ങനെ

പല രാജ്യങ്ങളും രണ്ട് ഡോസ് വാക്സിന് ശേഷം മൂന്നാമതൊരു ഡോസ് വാക്സിന്‍ കൂടി ‘ബൂസ്റ്റര്‍’ ഷോട്ടായി പ്രയോഗിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കൊവിഷീല്‍ഡ് വാക്സിന്‍ മൂന്നാമത് ഡോസ് എടുക്കുന്നത് നല്ലതാണെന്ന അഭിപ്രായവുമായി കൊവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സൈറസ് പൂനംവാല.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ എണ്ണായിരത്തോളം വരുന്ന ജീവനക്കാര്‍ക്കും മൂന്നാം ഡോസ് കൊവിഷീല്‍ഡ് നല്‍കിയെന്നും താനും മൂന്നാമത് ഡോസ് സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനിച്ചതെന്നും പൂനംവാല പറഞ്ഞു. കൊവിഷീല്‍ഡ് വാക്സിന്റെ കയറ്റുമതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.

‘മാസത്തില്‍ പത്ത് കോടി ഡോസ് വാക്സിനാണ് ഞങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതുതന്നെ തയ്യാറാക്കുക അത്ര എളുപ്പമല്ല. ലോകത്തിലെ ഒരു കമ്പനിയും മാസത്തില്‍ പത്ത് മുതല്‍ പന്ത്രണ്ട് കോടി ഡോസിലധികം വാക്സിന്‍ നിര്‍മ്മിക്കുന്നില്ല. വര്‍ഷത്തില്‍ 110 മുതല്‍ 120 കോടി ഡോസ് വരെയാണ് ഞങ്ങള്‍ക്ക് പരമാവധി നിര്‍മ്മിക്കാനാവുക. മറ്റ് കമ്പനികളും ഇതിനൊപ്പം വാക്സിന്‍ നിര്‍മ്മിക്കുമല്ലോ. എല്ലാം ഒരുമിച്ച് പ്രയോഗത്തില്‍ വരുമ്പോള്‍ വാക്സിനേഷന്‍ പ്രക്രിയ മുന്നോട്ടുപോകും…’- സൈറസ് പൂനംവാല പറഞ്ഞു.

അതേസമയം വാക്‌സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണെന്നും രണ്ട് കൊവിഡ് വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പൂനവാല പറഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്.

കൊവിഡ് മിശ്രിത വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തുമെന്നും വാക്‌സീന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് കൃത്യമായ പരീക്ഷണം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയുമെന്നും മറ്റ് കമ്പനിയും അതുതന്നെ പറയുമെന്നും ഡോ. സിറസ് പൂനവാല പറഞ്ഞു.

വാക്‌സീന്‍ മിശ്രിതത്തിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും ലോകമാന്യതിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ ആദ്യ ഡോസ് കൊവിഷീല്‍ഡും രണ്ടാം ഡോസ് കൊവാക്‌സിനും നല്‍കിയ 18 പേരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here