അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം; അടിയന്തര യാത്രയ്ക്ക് തയാറായി എയര്‍ഇന്ത്യ

അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ ദിവസം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം കാബൂളില്‍ നിന്നും ദില്ലിയിലെത്തിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്ന് എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സര്‍ക്കാര്‍ തിരികെ വിളിച്ചിരുന്നു. കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനാണ് ശ്രമം.

അതേസമയം അഫ്ഗാന്‍ ഇനി അറിയപ്പെടുക ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നപേരിലെന്നും പ്രഖ്യാപനം ഉടനെന്നും താലിബാന്‍ പറഞ്ഞിരുന്നു.  അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് ദേശീയ പതാക നീക്കി പകരം താലിബാന്‍ പതാക സ്ഥാപിച്ചിരുന്നു.

താലിബാന്‍ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ താലിബാന്‍ അംഗവുമുണ്ട്. മുന്‍ പ്രധാനമന്ത്രി ഗുല്‍ബുദീന്‍ ഹെക്മത്യാര്‍, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു. ഇന്നലെയോടെ കാബൂള്‍ താലിബാന്‍ പിടിച്ചടക്കി പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News