ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ദില്ലിയിലെ അഫ്ഗാന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രത്യക്ഷ്യപെട്ടു.

ഇന്നലെ താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.

താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്തിരുന്നു.

അതേസമയം അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജമാണ്. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ ദിവസം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം കാബൂളില്‍ നിന്നും ദില്ലിയിലെത്തിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel