ജെസിക്ക ലാലിന്റെ സഹോദരി സബ്രീന ലാല്‍ മരിച്ചു; മരണവിവരം പുറത്തു വിട്ട് സഹോദരന്‍

കൊല്ലപ്പെട്ട മോഡലായ ജെസിക്ക ലാലിന്റെ സഹോദരി സബ്രീന ലാല്‍ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന സബ്രീനയുടെ മരണവിവരം സഹോദരന്‍ രഞ്ജിത്ത് ലാലാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്വന്തം സഹോദരിയുടെ കൊലയാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സബ്രീന അശ്രാന്ത പരിശ്രമമാണ് നടത്തിയത്.

1999 ഏപ്രില്‍ മാസം ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ ബാറില്‍ വെച്ചാണ് ബാര്‍ നര്‍ത്തകിയായിരുന്ന ജെസിക്ക വെടിയേറ്റു കൊല്ലപ്പെട്ടത്. നാളുകള്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായി പ്രതിയായ മനു ശര്‍മ ജയിലിലടക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ 2020ലാണ് നല്ലനടപ്പിനെ തുടര്‍ന്ന് ശിക്ഷയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയത്.

ഹരിയാനയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ എന്ന സിദ്ധാര്‍ത്ഥ വശിഷ്ഠയാണ് ജസീക്കയുടെ ഘാതകന്‍. എന്നാല്‍ 2006ല്‍ ഇയാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. തുടര്‍ന്ന് ജെസീക്കയുടെ സഹോദരി സബ്രീനയും മാധ്യമങ്ങളും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് മനുശര്‍മയ്ക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചു. ജെസീക്കയുടെ മരണത്തെ ആസ്പദമാക്കി ബോളിവുഡില്‍ നോ വണ്‍ കില്‍ഡ് ജെസീക്ക എന്ന സിനിമയും ഇറങ്ങിയിരുന്നു.

ജെസിക്കയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ കേസന്വേഷണവും രാജ്യത്തുടനീളം ചര്‍ച്ചാവിഷയമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഒരു സംഘടന രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സബ്രീന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here