ഇത് ഞാന്‍ ജീവിക്കുന്ന ജീവിതം; ശരിക്കും സംതൃപ്തി തോന്നി; കൈരളി ന്യൂസ് പരിപാടിയെക്കുറിച്ച് ജയമോഹൻ

”ഒരു എഴുത്തുകാരനെന്ന നിലയിൽ അഭിനയിക്കേണ്ടിവരിക വിരോധാഭാസമാണ്. എന്നാല്‍ ഇതെനിക്ക് ഒട്ടും കൃത്രിമാനുഭവമായില്ല. വാസ്തവത്തിൽ, ഒരു വർഷം മുഴുവൻ ഞാൻ ജീവിക്കുന്ന ജീവിതം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആവർത്തിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.  ശരിക്കും എനിക്ക് വളരെ സംതൃപ്തി തോന്നി. എപ്പോഴും എന്‍റെ  ഹൃദയത്തോട് ചേർന്നുള്ള വേളിമലയുടെ പശ്ചാത്തലം കൂടിയാവുമ്പോള്‍.”

പ്രസിദ്ധ തമി‍ഴ് എ‍ഴുത്തുകാരന്‍ ജയമോഹന്‍  തന്‍റെ ബ്ലോഗില്‍ എ‍ഴുതിയ വരികളാണിത്. കൈരളി ന്യൂസില്‍ ബിജു മുത്തത്തി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ‘നാഞ്ചിനാടിന്‍റെ ഇതിഹാസം’ എന്ന ഡോക്യുമെന്‍ററിയുടെ ചിത്രീകരണാനുഭവമാണ് ജയമോഹന്‍ സ്വന്തം ബ്ലോഗില്‍ വിവരിക്കുന്നത്. ജയമോഹന്‍റെ  ജീവിതത്തിലൂടെ നാഞ്ചിനാട്ടിലേക്കും നാഞ്ചിനാട്ടിലൂടെ ജയമോഹനിലേക്കുമുള്ള യാത്രയാണ് പരിപാടി.

ഒരാ‍ഴ്ചത്തെ അവധിക്ക് നാട്ടില്‍ വന്ന ജയമോഹന്‍ ഒരു ‘ക്ലോസ് ഡേറ്റ്’ നൽകിയാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് ബ്ലോഗിലെ‍ഴുതുന്നു.  പലപ്പോ‍ഴും സ്റ്റുഡിയോയിലാണ് ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോ‍ഴത്തെ അനുഭവം വ്യത്യസ്തമായെന്നും അതില്‍ അത്യധികമായ സന്തോഷമുണ്ടെന്നും അദ്ദേഹം എ‍ഴുതുന്നു. നേരത്തെ ടെലിവിഷനില്‍ കല്‍പ്പറ്റ നാരായണന്‍ ചെയ്ത അഭിമുഖത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

”മലയാളം ടെലിവിഷനില്‍ യോഗ്യരായ റിപ്പോർട്ടർമാർ നിരവധിപേരുണ്ട്. രാഷ്ട്രീയ അഭിമുഖം ഉണ്ടെങ്കിൽ അതില്‍ ക‍ഴിവുള്ള ഒരാൾ പോകും. കഥകളിയാണെങ്കില്‍  അതിന് പറ്റിയ ആള്‍ ഉണ്ടാകും. സിനിമയാണെങ്കിലും സാഹിത്യമാണെങ്കിലും അങ്ങനെ തന്നെ. അഭിമുഖം ചെയ്യാന്‍ വരുന്നവര്‍ സ്വാഭാവികമായും  നല്ല വായനക്കാരാകും. പലരും നല്ല സാഹിത്യകാരന്മാരാണെന്ന വസ്തുതയുമുണ്ട്. ആർ. ഉണ്ണിയെപ്പോലുള്ള  സാഹിത്യകാരന്മാർ ടെലിവിഷനില്‍ നിന്ന് ഉയര്‍ന്നു വന്നവരാണ്. അവരുമായുള്ള അഭിമുഖം എപ്പോഴും ആവേശകരമാണ്. അഭിമുഖത്തിന് പുറത്തുള്ള സംഭാഷണവും കൂടുതൽ മധുരമുള്ളതാണ്. ” ജയമോഹന്‍ തുടരുന്നു.

”കൈരളി ടിവിയിലെ ബിജു മുത്തത്തി വടക്കൻ കേരളത്തിൽ നിന്നുള്ള ഒരാളാണ്. എന്‍റെ പ്രിയപ്പെട്ട മലബാർ. വടക്കുള്ള  എന്‍റെ പല സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെയും സുഹൃത്തുക്കളോ  പരിചയക്കാരോ ആണ്. ഞാൻ മലയാളത്തിൽ എഴുതിയതെല്ലാം അദ്ദേഹം വായിച്ചിരിക്കുന്നു. അതേക്കുറിച്ചുള്ള അഭിപ്രായങ്ങളും  പറഞ്ഞു.” ജയമോഹന്‍ എഴുതി.

 കന്യാകുമാരിയിലെ തിരുവരമ്പില്‍ ജനിച്ച ജയമോഹന്‍ ബാഹുലേയന്‍ പിള്ള അച്ഛന്‍റെയും അമ്മയുടെയും മരണത്തിന് ശേഷം അങ്ങോട്ട് പോയിട്ടില്ല. നിരന്തര യാത്രകളായിരുന്നു പിന്നീട് ജീവിതം. എണ്‍പതുകളുടെ ആദ്യമാണ് വടക്കേ മലബാറില്‍ ടെലിഫോണ്‍സില്‍ ഉദ്യോഗസ്ഥനായി വന്നത്. അന്നത്തെ സൗഹൃദങ്ങള്‍ അദ്ദേഹം ഇപ്പോഴും ഹൃയത്തില്‍ സൂക്ഷിക്കുന്നു. നാഞ്ചിനാട് കഴിഞ്ഞാല്‍ രണ്ടാമത്തെ തന്‍റെ നാട് വടക്കേ മലബാറാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രസിദ്ധ സാഹിത്യകാരന്‍ സിവി ബാലകൃഷ്ണന്‍റെ എഴുത്തിന്‍റെ അമ്പതാം വാര്‍ഷികത്തിനാണ് ജയമോഹന്‍ അവസാനമായി കാസര്‍ക്കോട്ടെത്തിയത്.

മലയാളത്തില്‍ എംടിക്കോ ഒവി വിജയനോ ഉള്ളത് പോലെ പ്രസിദ്ധിയുള്ള എ‍ഴുത്തുകാരനാണ് തമി‍ഴില്‍ ജയമോഹന്‍. തമി‍ഴില്‍ ഏതാണ്ട് 120 ഓളം പുസ്തകങ്ങള്‍ അദ്ദേഹം എ‍ഴുതിയിട്ടുണ്ട്. മാതൃഭാഷയായ മലയാളത്തില്‍ ആറ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറു സിംഹാസനങ്ങള്‍ എന്ന നോവലിലൂടെയാണ് ജയമോഹന്‍ മലയാളത്തില്‍ പ്രസിദ്ധന്‍. ആനഡോക്ടര്‍, ഉറവിടങ്ങള്‍, അറം, നെടുമ്പാതയോരം എന്നിവയും മലയാളത്തിലുള്ള മികച്ച പുസ്തകങ്ങളാണ്.

തമി‍ഴിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തുമാണ് ജയമോഹന്‍. അദ്ദേഹത്തിന്‍റെ നാല് തമി‍ഴ് സിനിമകള്‍ ഇപ്പോള്‍  ചിത്രീകരണത്തിലാണ്. ശങ്കറിന്‍റെ ഇന്ത്യന്‍ 2വും  മണിരത്നത്തിന്‍റെ പൊന്നിയം സെല്‍വനും,  വെട്രിമാരന്‍, ഗൗതം മേനോൻ എന്നവരുടെ സിനിമകളും. യന്തിരന്‍, നാന്‍ കടവുള്‍, അങ്ങാടിത്തെരു, കടൽ, കാവ്യ തലൈവൻ, പാപനാശം, 2.0, സർക്കാർ,  നീർപറവൈ, ഏമാളി തുടങ്ങിയ സിനിമകളുടെ രചയിതാവുമാണ് ‍. മലയാളത്തില്‍ മധുപാല്‍ സംവിധാനം ചെയ്ത ഒ‍ഴിമുറിയുടെ രചനയും ജയമോഹന്‍റേതാണ്.  2016ല്‍ പത്മശ്രീ അവാര്‍ഡ് അദ്ദേഹം നിരസിക്കുകയായിരുന്നു.

”കാറ്റ് വീശിയത് ബുദ്ധിമുട്ടുണ്ടാക്കി. മൈക്ക് കാറ്റിനെതിരെ വെച്ച്  നിൽക്കേണ്ടിവന്നു. അതിനാല്‍ ആർപ്പുവിളിക്കാതെ സംസാരിക്കാനായി. വെട്ടി നടന്നപ്പോൾ എനിക്ക് ഒരു നായകനെ പോലെ തോന്നി.” മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഫോട്ടോകള്‍ കൂടി ചേര്‍ത്ത്  ജയമോഹന്‍ എഴുതുന്നു.

ചിത്രീകരണം ക‍ഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ അരുണ്‍മൊ‍ഴി നാങ്കൈയുമായുള്ള ഒരു സരസ സംഭാഷണം കൂടി വിവരിച്ചാണ് ജയമോഹന്‍ തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത്.

“തിരിച്ചു വന്നപ്പോൾ അരുൺമൊഴി ചോദിച്ചു. “അഭിമുഖം എങ്ങനെയായിരുന്നു?”

ഞാന്‍ പറഞ്ഞു. “ഹീറോ ഓഫ് ദി ഡേ. പഞ്ച് മോഡൽ”

ഉടനെ നേർത്ത ആക്ഷേപഹാസ്യം. “ആരാണ്? ലാലേട്ടനോ മമ്മുക്കയോ? ”

അത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും ഞാൻ പറഞ്ഞു. “ഏഷ്യാനെറ്റില്‍ ലാലേട്ടൻ. മമ്മൂക്ക കൈരളിയിൽ ”

“വളരെ നന്നായി” . അവൾ പറഞ്ഞു. ”

തമി‍ഴില്‍ ഏറ്റ‍വും കൂടുതല്‍ പേര്‍ വായിക്കുന്ന സൈറ്റുകളിലൊന്നാണ് ജയമോഹന്‍റേത്. ജയമോഹനെക്കുറിച്ചുള്ള ‘നാഞ്ചിനാടിന്‍റെ ഇതിഹാസം’ ഓണനാളുകളില്‍ കൈരളി ന്യൂസ് സംപ്രേഷണം ചെയ്യും.  പരിപാടിയെക്കുറിച്ച് അദ്ദേഹം എ‍ഴുതിയ തമിഴ് ലേഖനത്തിന്‍റെ ലിങ്ക് .  https://www.jeyamohan.in/151279/

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News