ADVERTISEMENT
കോൺഗ്രസ് ഡിസിസി പുനഃസംഘടന അന്തിമ പട്ടികയിൽ അനുയായികളെ തിരുകി കയറ്റി നേതാക്കൾ. കെ സുധാകരൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ എന്നിവരുടെ നോമിനികൾ ആണ് ലിസ്റ്റില്‍ അധികവും.
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കനത്ത തിരിച്ചടിയാണ് വി ഡി സതീശനും കെ സുധാകരനും തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്ളത്. സ്ത്രീ ,യുവ പ്രാധിനിധ്യം ഉറപ്പ് വരുത്തണം എന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശവും കെപിസിസി സമർപ്പിച്ച സാധ്യതാ പട്ടികയിൽ തള്ളി.
കോൺഗ്രസ് ഭയപ്പെട്ടത് പോലെ എ ഐ ഗ്രൂപ്പുകളെ വെട്ടി നിരത്തിയ പട്ടിക തന്നെ ആണ് കെപിസിസി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ല എന്ന് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും നിരവധി തവണ ആവർത്തിച്ചിട്ടും അന്തിമ പട്ടികയിൽ ഒന്നിലേറെ ആളുകൾ ഈ മാനദണ്ഡം മറികടന്ന് ഇടം പിടിച്ചവർ ആണ്.
കെ സുധാകരന്‍റെ അനുയായികൾ ആയ നേതാക്കളാണ് സാധ്യതാ പട്ടികയിൽ ഇടം പിടിച്ചവരിൽ ഏറെയും. പത്തനംതിട്ടയിൽ സാധ്യതാ പട്ടികയിൽ ഇടംപിടിച്ച സതീഷ് കൊച്ചു പറമ്പിൽ എ ഗ്രൂപ്പ്കാരൻ ആണെങ്കിലും കെ സുധാകരന്‍റെ അനുയായി ആണ്.
തൃശൂരിൽ അനിൽ അക്കരയെ വെട്ടി ജോസ് വെള്ളൂരിനെ ലിസ്റ്റില്‍ സാധ്യത കൂടിയ പേരായി പരിഗണിക്കുന്നത് സുധാകരൻ്റെ താല്പര്യ പ്രകാരമാണ്. ജോസ് വെള്ളൂർ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും ആയിരുന്നു.
പാലക്കാട് എവി ഗോപിനാഥ്, കണ്ണൂർ മാർട്ടിൻ ജോർജ് എന്നിവരും കെപിസിസി അധ്യക്ഷൻ കെ സുധാകരന് പ്രിയപ്പെട്ടവർ. കെസി വേണുഗോപാൽ അനുയായികൾ ആയ കെകെ എബ്രഹാം വയനാട് നിന്നും, മണക്കാട് സുരേഷ് തിരുവനന്തപുരത്ത് നിന്നും ഡിസിസി അധ്യക്ഷ സാധ്യതാ പട്ടികയിൽ ഇടം നേടി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നോമിനി ആയ മുഹമ്മദ് ഷിയാസ് സ്വന്തം ജില്ലയായ എറണാകുളത്തും, ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയ ബാബു പ്രസാദും അന്തിമ പട്ടികയിൽ ഐഡി നേടി.
കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിൻ്റെ നോമിനിയായ രാജേന്ദ്ര പ്രസാദ്, ഇടുക്കിയില് സിപി മാത്യു,മലപ്പുറത്ത് ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്ത്, കോഴിക്കോട് കെ മുരളീധരൻ്റെ നോമിനിയായ കെ പ്രവീൺ കുമാർ, കാസർകോട് എ ഗ്രൂപ്പ് പ്രതിനിധിയായ ഖാദർ മാങ്ങാട് എന്നിവരുമാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസി നൽകിയ അന്തിമ പട്ടികയിൽ സ്ഥാനം നേടിയ മറ്റുള്ളവർ.
ജാതി സമവാക്യങ്ങൾ തകിടം മറിച്ച് കോട്ടയത്ത് നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷനാക്കാനാണ് വിഡി സതീശൻ കെ സുധാകരൻ കൂട്ടുകെട്ടിൻ്റെ നീക്കം. എതിർപ്പ് ശക്തമായാൽ ഒത്ത് തീർപ്പ് സ്ഥാനാർത്ഥി ആയി കെസി ജോസഫിനെ പരിഗണിക്കും.
മാനദണ്ഡങ്ങളുടെ പേരിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എ ഐ ഗ്രൂപ്പുകളെ വ്യാപകമായി വെട്ടി നിരത്തിയിട്ടുണ്ട് കെപിസിസി അന്തിമ പട്ടികയിൽ. സ്ത്രീ യുവ പ്രാധിനിധ്യം ഉറപ്പ് വരുത്തണമെന്ന കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശവും കെപിസിസി സമർപ്പിച്ച സാധ്യതാ പട്ടിക അവഗണിച്ചിട്ടുണ്ട്. അന്തിമ പട്ടിക പുറത്ത് വന്നതോടെ വരും ദിവസങ്ങളിൽ കേരളത്തിലെ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലാപം രൂക്ഷമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.